റിയാദ് – ഈ മാസം എട്ടു മുതല്‍ പന്ത്രണ്ടു വരെയുള്ള ദിവസങ്ങളില്‍ റിയാദില്‍ നടന്ന മൂന്നാമത് വേള്‍ഡ് ഡിഫന്‍സ് ഷോയില്‍ ബില്യണ്‍ കണക്കിന് ഡോളറിന്റെ 220 കരാറുകള്‍ ഒപ്പുവെച്ചതായി സൗദിയിലെ ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഗവര്‍ണര്‍ എന്‍ജിനീയര്‍ അഹ്‌മദ് അല്‍ഊഹലി വെളിപ്പെടുത്തി. ഇതില്‍ രാജ്യങ്ങള്‍ തമ്മിലുള്ള 93 ഗവണ്‍മെന്റ് കരാറുകളും കമ്പനികള്‍ തമ്മിലുള്ള 127 കരാറുകളും ഉള്‍പ്പെടുന്നു. ഇത്തവണത്തെ പ്രദര്‍ശനത്തിനിടെ 73 ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. 61 മീറ്റിംഗുകള്‍ നടന്നു. ആകെ 3,300 കോടി റിയാലിന്റെ 60 ആയുധ കരാറുകളും ഒപ്പുവെച്ചു. മുന്‍ പ്രദര്‍ശനങ്ങളില്‍ രേഖപ്പെടുത്തിയ കണക്കുകളേക്കാള്‍ കൂടുതലായിരുന്നു ഇത്.
പ്രദര്‍ശനത്തിന്റെ തയ്യാറെടുപ്പിലും നടത്തിപ്പിലും പിന്തുണ നല്‍കുന്നതില്‍ 26 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പങ്കാളിത്തം വഹിച്ചു. 89 രാജ്യങ്ങളില്‍ നിന്നുള്ള 1,486 പ്രാദേശിക, അന്തര്‍ദേശീയ പ്രദര്‍ശകരുടെ പങ്കാളിത്തത്തോടെയും ലോകത്തിലെ മികച്ച 10 പ്രതിരോധ കമ്പനികളുടെ സാന്നിധ്യത്തോടെയും അഞ്ച് ദിവസങ്ങളിലായി നടന്ന മൂന്നാമത് വേള്‍ഡ് ജിഫന്‍സ് ഷോ അഭൂതപൂര്‍വമായ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. 121 രാജ്യങ്ങളിലെ സര്‍ക്കാരുകളെ പ്രതിനിധീകരിച്ച് 513 ഔദ്യോഗിക പ്രതിനിധി സംഘങ്ങളും 1,37,000 സന്ദര്‍ശകരും പങ്കെടുത്തു. പ്രദര്‍ശന നഗരിയുടെ വിസ്തീര്‍ണ്ണം 2,72,000 ചതുരശ്ര മീറ്റര്‍ കവിഞ്ഞു. കഴിഞ്ഞ തവണത്തെക്കാള്‍ 58 ശതമാനം വര്‍ധനവാണ് ഇത്. മുന്‍ പ്രദര്‍ശനങ്ങളെ അപേക്ഷിച്ച് ഇത്തവണ നാല് പുതിയ ഹാളുകള്‍ സ്ഥാപിച്ചു.
ആകാശ, സ്റ്റാറ്റിക് പ്രദര്‍ശനങ്ങള്‍ ഷോയില്‍ ഉള്‍പ്പെടുത്തി. മേഖലയിലെ ഏറ്റവും വലിയ പ്രദര്‍ശനങ്ങളില്‍ ഒന്നായിരുന്നു ഇത്. സൗദി ഫാല്‍ക്കണ്‍സ്, ദക്ഷിണ കൊറിയന്‍ ബ്ലാക്ക് ഈഗിള്‍സ് പങ്കാളിത്തത്തോടെ, എഫ്-16, എഫ്-15, എഫ്-35, ടൈഫൂണ്‍സ് എന്നിവയുള്‍പ്പെടെ അറുപത്തിമൂന്ന് സ്റ്റാറ്റിക് വിമാനങ്ങളും 25 വിമാനങ്ങളും എയറോബാറ്റിക് പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു.
സ്റ്റാറ്റിക് ഡിസ്‌പ്ലേ ഏരിയയില്‍ ഏകദേശം 700 സൈനിക ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 10 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നാവിക പ്രദര്‍ശനങ്ങള്‍ക്കായി പ്രത്യേക പ്ലാറ്റ്‌ഫോം, ആളില്ലാ സംവിധാനങ്ങള്‍ക്കായുള്ള ഔട്ട്‌ഡോര്‍ പ്ലാറ്റ്‌ഫോം, തത്സമയ കര പ്രദര്‍ശനങ്ങള്‍ക്കായി പ്രത്യേക പ്രദേശം എന്നിവയുമുണ്ടായിരുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും രണ്ട് വര്‍ഷത്തിനിടെ നടത്തിയ സഹകരണത്തിലൂടെയാണ് മൂന്നാമത് വേള്‍ഡ് ഡിഫന്‍സ് ഷോ കുറ്റമറ്റ നിലയില്‍ സംഘടിപ്പിച്ചത്. സൈനിക വ്യവസായ മേഖലയെ പിന്തുണക്കുന്നതിലും വികസിപ്പിക്കുന്നതിലും വഹിക്കുന്ന പങ്കിന്റെ ഭാഗമായി ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഇത് സൈനിക സുസജ്ജത വര്‍ധിപ്പിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും 2030 ഓടെ സൈനിക മേഖലാ ധനവിനിയോഗത്തിന്റെ 50 ശതമാനത്തിലധികം പ്രാദേശികവല്‍ക്കരിക്കുന്നതിലൂടെ സൗദി വിഷന്‍ 2030 ലക്ഷ്യങ്ങളെ പിന്തുണക്കാനും സഹായിക്കുന്നു. പങ്കാളിത്തങ്ങള്‍, നവീകരണം, സാങ്കേതിക കൈമാറ്റം, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തല്‍, സൈനിക വ്യവസായങ്ങളിലെ മാനവശേഷി വികസിപ്പിക്കല്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംയോജിത പ്രതിരോധ സംവിധാനത്തിലേക്കുള്ള മാറ്റത്തെ എക്‌സിബിഷന്‍ പ്രതിഫലിപ്പിക്കുന്നു. പ്രാദേശിക കണ്ടുപിടുത്തങ്ങള്‍, പ്രതിരോധ വ്യവസായ ലബോറട്ടറി, സൗദി ശേഷികള്‍, ദേശീയ പ്രതിഭകള്‍, പ്രതിരോധ മേഖലയില്‍ വിദ്യാഭ്യാസ, പരിശീലന സംവിധാനങ്ങളുടെ സംയോജനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ഈ വര്‍ഷത്തെ പ്രദര്‍ശനത്തെ വ്യത്യസ്തമാക്കി.
സൈനിക മേഖലാ ധനവിനിയോഗം പ്രാദേശികവല്‍ക്കരിക്കുന്നതില്‍ സൗദി അറേബ്യ ചരിത്രപരമായ കുതിച്ചുചാട്ടം കൈവരിച്ചു. സൈനിക മേഖലാ ധനവിനിയോഗത്തില്‍ പ്രാദേശികവല്‍ക്കരണം 2018 ല്‍ നാലു ശതമാനമായിരുന്നു. 2024 അവസാനത്തോടെ ഇത് 25 ശതമാനമായി. ഇക്കാലയളവില്‍ സൈനിക ധനവിനിയോഗത്തില്‍ പ്രാദേശികവല്‍ക്കരണത്തില്‍ നാലിരട്ടി വര്‍ധനവുണ്ടായി. 2020 ല്‍ സൈനിക വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ എണ്ണം 25,000 ആയിരുന്നു. 2024 അവസാനത്തോടെ ഈ മേഖലയില്‍ സൗദി ജീവനക്കാര്‍ 34,000 ആയി ഉയര്‍ന്നു. ജീവനക്കാരുടെ എണ്ണം 40 ശതമാനം തോതില്‍ വര്‍ധിച്ചു. സൈനിക വ്യവസായ മേഖലയില്‍ ആകെ തൊഴിലാളികളില്‍ 63 ശതമാനം സ്വദേശികളാണ്.
2018 ല്‍ ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് സ്ഥാപിതമായതോടെ ആരംഭിച്ച ഘടനാപരമായ മാറ്റമാണ് ഈ പരിവര്‍ത്തനങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ഇറക്കുമതിയെ പൂര്‍ണ്ണമായും ആശ്രയിക്കുന്നതില്‍ നിന്ന് സമഗ്രവും സുസ്ഥിരവുമായ ദേശീയ വ്യാവസായിക സംവിധാനം കെട്ടിപ്പടുക്കുന്നതിലേക്ക് ഈ മേഖല മാറിയിരിക്കുന്നു. ഇത് ഒരു തുടക്കം മാത്രമാണ്. 2030 ഓടെ സൈനിക ധനവിനിയോഗത്തില്‍ പ്രാദശികവല്‍ക്കരണം 50 ശതമാനത്തിലധികമായി ഉയര്‍ത്തുകയും ഉയര്‍ന്ന ശതമാനം പ്രാദേശിക ഉള്ളടക്കം കൈവരിക്കുകയുമാണ് ലക്ഷ്യം.
കരാറുകള്‍, ധാരണാപത്രങ്ങള്‍, മീറ്റിംഗുകള്‍ എന്നിവ പ്രദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. തന്ത്രപരമായ പങ്കാളിയായും സൈനിക വ്യവസായങ്ങളില്‍ നിക്ഷേപിക്കാനുള്ള ആകര്‍ഷകമായ സ്ഥലമായും സൗദി അറേബ്യയില്‍ അന്താരാഷ്ട്ര സമൂഹം പുലര്‍ത്തുന്ന വിശ്വാസമാണ് വലിയ പങ്കാളിത്തം പ്രകടമാക്കുന്നത്. അന്താരാഷ്ട്ര പങ്കാളിത്തങ്ങളുടെ ഗൗരവത്തെയും സൗദി നിക്ഷേപ അന്തരീക്ഷത്തില്‍, പ്രത്യേകിച്ച് സൈനിക വ്യവസായ മേഖലയില്‍, വര്‍ധിച്ചുവരുന്ന ആത്മവിശ്വാസത്തെയും ഇത്തവണത്തെ പ്രദര്‍ശനത്തില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നു.
ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസും വേള്‍ഡ് ഡിഫന്‍സ് ഷോയും 2028 ല്‍ നടക്കാനിരിക്കുന്ന പ്രദര്‍ശനത്തിന്റെ അടുത്ത പതിപ്പിനായി ആസൂത്രണം ആരംഭിച്ചിട്ടുണ്ട്. പ്രദര്‍ശനത്തിന്റെ മൂന്നാം പതിപ്പില്‍ കൈവരിച്ച നേട്ടങ്ങള്‍ സൗദിയില്‍ സൈനിക വ്യവസായ മേഖല നേട്ടത്തിന്റെ ഘട്ടത്തിലെത്തിയെന്നും അതിന്റെ സ്വാധീനം പരമാവധിയാക്കുന്നതായും തെളിയിക്കുന്നു. റിയാദ് വേള്‍ഡ് ഡിഫന്‍സ് ഷോ പ്രതിരോധ വ്യവസായ സംയോജനത്തിന്റെ ഭാവി കെട്ടിപ്പടുക്കാനുള്ള സജീവ വേദിയായി മാറിയിരിക്കുന്നു. പ്രതിരോധ വ്യവസായ സംയോജനത്തിനുള്ള അന്താരാഷ്ട്ര കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ മുന്‍നിര സ്ഥാനം ഇത് വ്യക്തമാക്കുന്നു. സൈനിക സാങ്കേതികവിദ്യകള്‍ നിര്‍മ്മിക്കുകയും നവീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഈ തന്ത്രപരമായ മേഖലയില്‍ ഒരു പ്രാദേശിക, ആഗോള കേന്ദ്രമാക്കി മാറ്റാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും എന്‍ജിനീയര്‍ അഹ്‌മദ് അല്‍ഊഹലി വ്യക്തമാക്കി.



