റിയാദ്– ആധുനിക സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമായി മാറാനുള്ള സൗദി അറേബ്യയുടെ പ്രയാണത്തിന് കരുത്തുപകർന്ന് റിയാദിലെ തുവൈഖ് അക്കാദമിയിൽ അത്യാധുനിക ‘ഡ്രോൺ ഹബ്ബ്’ പ്രവർത്തനമാരംഭിച്ചു. ഡ്രോൺ റേസിങ് രംഗത്തെ ലോകോത്തര സ്ഥാപനമായ ഡി.സി.എല്ലുമായി (DCL) സഹകരിച്ച് നടപ്പിലാക്കുന്ന ഈ സംരംഭം സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽ ഫാലിഹ് ആണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വ്യോമയാന സുരക്ഷാ വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ സുലൈമാൻ ബിൻ സാലിഹ് അൽ മുഹൈമിദി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സാക്ഷ്യം വഹിച്ചു.
ഡ്രോൺ സാങ്കേതികവിദ്യയിൽ സൗദി യുവാക്കളുടെ കഴിവുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹബ്ബ് വിഭാവനം ചെയ്തിരിക്കുന്നത്. പരീക്ഷണങ്ങൾക്കും പഠനത്തിനുമുള്ള ലാബുകൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രൊഫഷണൽ പ്രോഗ്രാമുകൾ, അത്യാധുനിക വർക്ക്ഷോപ്പുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, സൗദി ദേശീയ ഡ്രോൺ റേസിങ് ടീമിനുള്ള പ്രത്യേക പരിശീലന കേന്ദ്രമായി ഈ ഹബ്ബ് പ്രവർത്തിക്കും. ഡ്രോൺ സ്പോർട്സ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പതിവ് ചാമ്പ്യൻഷിപ്പുകളും കമ്യൂണിറ്റി ഇവന്റുകളും സംഘടിപ്പിക്കാനും ഹബ്ബിന് പദ്ധതിയുണ്ട്.
സൗദി വിഷൻ 2030-ന്റെ ഭാഗമായി സാങ്കേതിക നൈപുണ്യം പ്രാദേശികവൽക്കരിക്കാനുള്ള സുപ്രധാന നീക്കമാണിത്. നൂതന സാങ്കേതിക വിദ്യകളിൽ സ്വദേശി പ്രതിഭകളെ വാർത്തെടുക്കുന്നതിനൊപ്പം, ആഗോള പങ്കാളിത്തങ്ങളിലൂടെ വിദേശ നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കാനും ഈ പദ്ധതി വഴി സാധിക്കും. രാജ്യത്ത് അത്യാധുനിക പരിശീലനം നൽകുന്നതിൽ മുൻപന്തിയിലുള്ള തുവൈഖ് അക്കാദമി, ഈ പുതിയ ചുവടുവെപ്പിലൂടെ ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിൽ പുതിയ അധ്യായമാണ് കുറിക്കുന്നത്. താല്പര്യമുള്ളവർക്ക് അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.



