ദുബൈ– ദുബൈ നിവാസികൾക്കായി ദുബൈ മാളത്തോൺ എന്ന ഒരു പുതിയ ഫിറ്റ്നസ് സംരംഭത്തിന് തുടക്കമിട്ട് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ. മാളുകളെ സ്പോർട്സ് പാതകളാക്കി മാറ്റുന്ന ‘ദുബൈ മാളത്തോൺ’ വ്യാഴാഴ്ചയാണ് ശൈഖ് ഹംദാൻ ഉദ്ഘാടനം ചെയ്തത്. 33 ലക്ഷ്യങ്ങളുള്ള ദുബൈ സോഷ്യൽ അജണ്ടയുടെ ഭാഗമായാണ് ഈ സംരംഭം ആരംഭിച്ചത്. ഇത് ഓഗസ്റ്റിൽ പ്രാബല്യത്തിൽ വരും. ഓഗസ്റ്റിൽ, താമസക്കാർക്ക് എല്ലാ ദിവസവും രാവിലെ 7 മുതൽ 10 വരെ മാളുകളിൽ പോയി നടക്കാനോ വ്യായാമം ചെയ്യാനോ സാധിക്കും.
ദുബൈ മാൾ, ദുബൈ ഹിൽസ് മാൾ, സിറ്റി സെന്റർ ദേര, സിറ്റി സെന്റർ മിർദിഫ്, മാൾ ഓഫ് ദി എമിറേറ്റ്സ്, ദുബൈ മറീന മാൾ, സ്പ്രിംഗ്സ് സൂക്ക് എന്നീ ഏഴ് പ്രധാന വാണിജ്യ കേന്ദ്രങ്ങളിലായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. എല്ലാവർക്കും ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുക എന്നതാണ് ശൈഖ് ഹംദാൻ ലക്ഷ്യമിടുന്നത്.
ദുബൈ മാളത്തോണിൽ സൗജന്യമായി പങ്കെടുക്കാം. www.dubaimallathon.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഇതിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷന് ശേഷം, പങ്കെടുക്കുന്നവര്‍ക്ക് ഒരു ഡിജിറ്റല്‍ കാര്‍ഡും ലഭ്യമാകും. സമീകൃതാഹാരവും പോഷകാഹാരവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റെസ്റ്റോറന്റുകളുമായും റീട്ടെയിൽ ഔട്ട്ലെറ്റുകളുമായും പുതിയ സംരംഭം സഹകരിച്ചു പ്രവർത്തിക്കും.