റിയാദ്- എൻ. ആർ. കെ ഫോറവും മൂൺഗ്ലൈഡ് എന്റർടൈൻമെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രമുഖ റാപ്പർ വേടന്റെ മെഗാ ലൈവ് മ്യൂസിക് ഇവന്റായ ‘ആരവം’ ഒക്ടോബർ 16ന് വെള്ളിയാഴ്ച റിയാദിലെ ദിറാബ് ഡ്രിഫ്റ്റ് പാർക്കിൽ നടക്കും. നേരത്തെ ഒക്ടോബർ രണ്ടിന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും വേദിയുടെയും പരിസരങ്ങളുടെയും നവീകരണത്തിന്റെ ഭാഗമായി 16ലേക്ക് മാറ്റുകയായിരുന്നുവെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 2ലെ ഷോയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവർക്കും അതേ ടിക്കറ്റ് ഉപയോഗിച്ച് ഒക്ടോബർ 16ന് പരിപാടിയിൽ പ്രവേശനം അനുവദിക്കും. വേടന് പുറമെ ആര്യ ദയാൽ, യോഗി ശേഖർ, എച്ച് 3 എം, ഡിജെ സിബിൻ, വി-ഫ്രീക് എന്നിവരും മെഗാ ഷോയിൽ പങ്കെടുക്കും. ഏകദേശം 20,000 പേർക്ക് പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് ദിറാബിൽ ‘ആരവം’ ഷോയ്ക്കായി വേദി ഒരുക്കുന്നത്. സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ ആവശ്യമായ അനുമതികളെല്ലാം ഇതിനകം ലഭിച്ചതായും സംഘാടകർ അറിയിച്ചു.
ഷോയുടെ ടിക്കറ്റ് വിൽപ്പന മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. എൻ.ആർ.കെ ഫോറത്തിലെ അംഗ സംഘടനകൾ, റിയാദിലെ വ്‌ലോഗർമാർ, റിയാദിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റുകൾ, പോളിക്ലിനിക്കുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ വഴിയാണ് ടിക്കറ്റ് വിൽപ്പന നടക്കുന്നത്.
50 റിയാൽ മുതൽ 1,500 റിയാൽ വരെയുള്ള വിവിധ ശ്രേണികളിലുള്ള ടിക്കറ്റുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. പ്രമുഖ റീട്ടെയിൽ ശൃംഖലയായ മാർക്ക് & സേവ് ആണ് മെഗാ ഷോയുടെ മുഖ്യ പ്രായോജകർ. സോനാ ജ്വല്ലറി സഹപ്രായോജകരാണ്. റിയാദിലെ നിരവധി സ്ഥാപനങ്ങളും ‘ആരവം’ മെഗാ ഷോയുമായി സഹകരിക്കുന്നുണ്ട്.
വാർത്താസമ്മേളനത്തിൽ എൻ. ആർ. കെ. ഫോറം ചെയർമാൻ സി.പി. മുസ്തഫ, കൺവീനർ സുരേന്ദ്രൻ കൂട്ടായി, ട്രഷറർ യഹ്യ കൊടുങ്ങല്ലൂർ, മൂൺഗ്ലൈഡ് എന്റർടൈൻമെന്റ് പ്രതിനിധി ധനേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







