ഗാസ: ഗാസയിൽ അമേരിക്കയുടെ പിന്തുണയോടെ നടപ്പാക്കുന്ന ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുക്കില്ലെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. കാരണം അത് നീതിയുക്തമോ നിഷ്പക്ഷമോ സ്വതന്ത്രമോ ആയിരിക്കില്ല. സഹായ വിതരണത്തിൽ പങ്കെടുക്കാതെ റിലീഫ് പ്രവർത്തനം സുഗമമാക്കുമെന്ന് ഇസ്രായിൽ വ്യക്തമാക്കി.
ഈ പ്രത്യേക റിലീഫ് വിതരണ പദ്ധതി നിഷ്പക്ഷത, പക്ഷപാതിത്വമില്ലായ്മ, സ്വാതന്ത്ര്യം എന്നിവയുൾപ്പെടെയുള്ള ഞങ്ങളുടെ അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ല, ഞങ്ങൾ അതിൽ പങ്കെടുക്കില്ല യു.എൻ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ഗാസയിൽ അമേരിക്ക നയിക്കുന്ന പുതിയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഇസ്രായിൽ ധനസഹായം നൽകില്ലെന്നും, റിലീഫ് പ്രവർത്തനം സുഗമമാക്കുകയും പ്രാപ്തമാക്കുകയും ചെയ്യുമെന്നും യു.എന്നിലെ ഇസ്രായിൽ അംബാസഡർ ഡാനി ഡാനോൺ പറഞ്ഞു.
നിശിത വിമർശനങ്ങൾ നേരിട്ട റിലീഫ് വിതരണ പദ്ധതി പ്രകാരം, അമേരിക്കയുടെ പിന്തുണയുള്ള ഗാസ റിലീഫ് ഫൗണ്ടേഷൻ മെയ് അവസാനത്തോടെ ഗാസയിൽ പ്രവർത്തനം ആരംഭിക്കും. തങ്ങൾ പ്രവർത്തനം ആരംഭിക്കാൻ സുസജ്ജമാകുന്നതുവരെ ഫലസ്തീനികൾക്കുള്ള സഹായം പുനരാരംഭിക്കാൻ ഐക്യരാഷ്ട്രസഭയെയും മറ്റ് സംഘടനകളെയും അനുവദിക്കണമെന്ന് ഗാസ റിലീഫ് ഫൗണ്ടേഷൻ ഇസ്രായിലിനോട് ആവശ്യപ്പെട്ടു.
അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയുള്ള പദ്ധതിക്കെതിരെ വ്യാപക വിമർശങ്ങൾ ഉയർന്നതിനെ തുടർന്ന് ഗാസയിലേക്ക് സഹായം എത്തിക്കാനുള്ള പുതിയ ആശയങ്ങൾ തുറന്ന മനസ്സോടെ സ്വീകരിക്കുമെന്ന് അമേരിക്കൻ വിദേശ മന്ത്രി മാർക്കോ റൂബിയോ പറഞ്ഞു. ഗാസയിലെ മാനുഷിക സാഹചര്യത്തിൽ റൂബിയോ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ആർക്കെങ്കിലും മെച്ചപ്പെട്ട നിർദേശമുണ്ടെങ്കിൽ ഞങ്ങൾ ഒരു ബദൽ പദ്ധതിക്ക് തയാറാണ് റൂബിയോ തുർക്കിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹമാസ് ജനങ്ങളിൽ നിന്ന് റിലീഫ് വസ്തുക്കൾ മോഷ്ടിക്കാത്തിടത്തോളം കാലം, ഞങ്ങൾക്ക് നൽകാൻ കഴിയുന്ന എല്ലാ സഹായങ്ങളും ഞങ്ങൾ നൽകുമെന്നും അമേരിക്കൻ വിദേശ മന്ത്രി പറഞ്ഞു.