അബുദാബി- വ്യാജ അക്കാദമിക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകൾ നിര്‍മ്മിച്ച കേസുകളിലെ കുറ്റക്കാര്‍ക്ക് യു.എ.ഇ കോടതികള്‍ മൂന്ന് വര്‍ഷം വരെ തടവും 30,000 ദിര്‍ഹം വരെ പിഴയും വിധിച്ചതായി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന അക്കാദമിക് യോഗ്യതാ രേഖകളുടെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ പ്രത്യേക ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഏതാനും പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 30,000 ദിര്‍ഹം വരെ പിഴയും അടക്കമുള്ള ശിക്ഷകള്‍ രാജ്യത്തെ കോടതികള്‍ വിധിച്ചിട്ടുണ്ട്.
അക്കാദമിക് യോഗ്യതാ രേഖകളുടെ വിശ്വാസ്യതയെയും അന്തസ്സിനെയും ബാധിക്കുന്ന തരത്തിലുള്ള നടപടികള്‍ക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റകൃത്യങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. ക്രിമിനല്‍ സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കേസുകള്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ഓരോ വര്‍ഷവും പരിശോധിക്കുകയും നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍, യു.എ.ഇയില്‍ കണ്ടെത്തുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകള്‍ വളരെ കുറവാണ്. അക്കാദമിക് യോഗ്യതാ രേഖകള്‍ അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം നേടാനും അവയുടെ ആധികാരികത ഉറപ്പാക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







