അബുദാബി– ഗൾഫ് മേഖലയിൽ നിലവിലുള്ള പ്രതിസന്ധിയിൽ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് നോർക്ക റൂട്ട്സ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ യൂസുഫലി. മലയാളം മീഡിയ വളരെ അഗ്രസീവ് ആണെന്ന് യുഎഇയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിട്ടുണ്ട്. എന്തുകൊണ്ട് മലയാളം മീഡിയ മാത്രം ഇല്ലാത്ത കഥകള്‍ ഉണ്ടാക്കി നാട്ടിലുള്ള കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നു എന്നതാണ് ഉയരുന്ന ചോദ്യം. യഥാര്‍ത്ഥത്തില്‍ അത്തരം സാഹചര്യങ്ങളൊന്നും ഗള്‍ഫിലില്ല. ഈ സമയത്ത് ആവശ്യമില്ലാത്ത ഗോസിപ്പ്, ആവശ്യമില്ലാത്ത എഐ സൃഷ്ടി, റുമേഴ്‌സ് പ്രചരിപ്പിക്കുന്നുണ്ട്. ചില മാധ്യമങ്ങള്‍ ഇതെല്ലാം സത്യമാണെന്ന രീതിയില്‍ ടെലികാസ്റ്റും ചെയ്യുന്നുണ്ട്. നാട്ടില്‍ നിന്നും പലരും ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ എന്നെയും വിളിക്കുന്നുണ്ട്. ജിസിസി രാജ്യങ്ങള്‍ മലയാളി സമൂഹത്തിന് അന്നം തരുന്ന രാജ്യങ്ങളാണ്. ഈ രാജ്യത്തിന് ഒന്നും സംഭവിക്കരുതെന്ന് എല്ലാ വിഭാഗം ആളുകളും പ്രാര്‍ത്ഥിക്കുന്നു. ഈ രാജ്യത്തിനെതിരെയുള്ള ഏത് ഭീഷണിയെയും പ്രതിരോധിക്കാനുള്ള കഴിവും പ്രാപ്തിയും ഭരണാധികാരികള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ ഗവണ്‍മെന്റുകള്‍ അതിന്റേതായ രൂപത്തിലും ഭാവത്തിലും കൃത്യമായി അത് നിര്‍വഹിക്കും. തെറ്റായ വാർത്തകളും എ.ഐ സൃഷ്ടികളും വ്യാപകമായി പ്രചരിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങളും വാർത്തകളും പ്രചരിപ്പിച്ച് നാട്ടിലുള്ള അമ്മമാരെയും കുട്ടികളെയും പരിഭ്രാന്തരാക്കരുതെന്നും വിഡിയോ സന്ദേശത്തിൽ യൂസുഫലി വ്യക്തമാക്കി.
ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഗവണ്‍മെന്റ് സ്വീകരിക്കുമെന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ ഇത്തരം മീഡിയകളെ ശക്തമായി നിരീക്ഷിക്കുന്നുണ്ട്. ആരെങ്കിലും വ്യാജ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ മീഡിയ തന്നെ ഇവിടെ നിരോധിക്കും. അതേ തുടര്‍ന്നുണ്ടാവുന്ന അനന്തരഫലങ്ങള്‍ക്ക് അവര്‍ തന്നെയാവും ഉത്തരവാദികള്‍. സര്‍ക്കാര്‍ നല്‍കുന്ന സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കാന്‍ എല്ലാ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്നും എം.എ യൂസഫലി ചൂണ്ടികാട്ടി.



