കൊച്ചി/ദുബായ് ∙ ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയനും (33) ഒന്നര വയസ്സുകാരി മകൾ വൈഭവിയും തൂങ്ങിമരിച്ച സംഭവത്തിൽ കേരളാ ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും നിർണായക ഇടപെടലുകൾ നടത്തുന്നു. മരണം സംശയാസ്പദമാണെന്നും കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹർജിയിൽ, ഭർത്താവ് നിതീഷ് മോഹനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൃതദേഹങ്ങൾ ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്ന് ജസ്റ്റിസ് എൻ.നാഗരേഷ് പറഞ്ഞു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. വിപഞ്ചിക നിരന്തരം ഗാർഹിക പീഡനത്തിന് ഇരയായിരുന്നുവെന്നും, നിതീഷ് മോഹൻ, അവരുടെ സഹോദരി നീതു, പിതാവ് മോഹനൻ എന്നിവർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തതായും ഹർജി ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതു സംബന്ധിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ചർച്ച തുടരുന്നു. വിപഞ്ചികയുടെ മാതാവ് ഷൈലജ, കാനഡയിൽ നിന്നെത്തിയ സഹോദരൻ വിനോദ്, നിതീഷിന്റെ ബന്ധുക്കൾ എന്നിവരുമായി കോൺസുലേറ്റ് അധികൃതർ ചർച്ച നടത്തി. നിതീഷ് കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ, ഷൈലജയും വിനോദും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുന്നു. കോടതി ഉത്തരവിനെ തുടർന്ന് ശവസംസ്കാരം താൽക്കാലികമായി മാറ്റിവച്ചു. ഇന്നത്തെ ചർച്ചയിൽ അന്തിമ തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്.
ജൂലൈ 8നാണ് ഷാർജയിലെ ഫ്ലാറ്റിൽ വിപഞ്ചികയെയും വൈഭവിയെയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കയറിൽ കെട്ടിത്തൂക്കിയതാണ്. വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമായി. ഈ കുറിപ്പിൽ മാനസികവും ശാരീരികവുമായ പീഡന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.