ദുബായ്- അഞ്ചു പതിറ്റാണ്ടിലേറെയായി ദുബായിലെ ബിസിനസ്-സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന പ്രമുഖ ഇന്ത്യൻ വ്യവസായി വസു ഷറോഫ് (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദുബായിലായിരുന്നു അന്ത്യം. യുഎഇയിലെ ടെക്‌സ്‌റ്റൈൽ വ്യാപാര മേഖലയിലെ മുൻഗാമികളിലൊരാളായ അദ്ദേഹം ‘ടെക്‌സ്‌റ്റൈൽ കിംഗ്’ എന്നാണ് അറിയപ്പെട്ടിരുന്നത്.
1960-ൽ പത്തൊൻപതാം വയസ്സിൽ മുംബൈയിൽ നിന്നും ഷാർജയിലെത്തിയ അദ്ദേഹം, സഹോദരനൊപ്പം ചേർന്ന് ‘റീഗൽ ഗ്രൂപ്പ്’ എന്ന വൻകിട വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തു. ബിസിനസ് രംഗത്തിന് പുറമെ പ്രവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക ഉന്നമനത്തിനായി അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
ദുബായ് ഇന്ത്യൻ ഹൈസ്‌കൂളിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ വസു ഷറോഫ്, ഇന്ത്യ ക്ലബ്ബ് ഉൾപ്പെടെയുള്ള ഒട്ടേറെ പ്രവാസി സംഘടനകളുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു. ഇന്ത്യ ക്ലബ്ബിന്റെ സ്ഥാപകാംഗമായ അദ്ദേഹം നിരവധി തവണ അതിന്റെ പ്രസിഡന്റ് പദവിയും അലങ്കരിച്ചിട്ടുണ്ട്. ജബൽ അലിയിലെ ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണത്തിലും വികസനത്തിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.
രാജ്യം അദ്ദേഹത്തെ ‘പ്രവാസി ഭാരതീയ സമ്മാൻ’ നൽകി ആദരിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകൾ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 4.30-ന് ദുബായിലെ ന്യൂ സോണാപൂർ ശ്മശാനത്തിൽ നടക്കും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.



