അബുദാബി – അമേരിക്കയും ഇറാനും തമ്മിലുള്ള മറ്റൊരു റൗണ്ട് പോരാട്ടം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂവെന്ന് യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവായ അന്‍വര്‍ ഗര്‍ഗാഷ്. ഏതൊരു രാഷ്ട്രീയ പരിഹാരവും ഭാവിയിലെ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കുന്ന വിധത്തില്‍ കാതലായ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഹോര്‍മുസ് കടലിടുക്കിന്റെ ഏതൊരു നിയന്ത്രണവും അപകടകരമായ മാതൃക സൃഷ്ടിക്കും. ഇറാന്‍ അതിനെ രാഷ്ട്രീയവല്‍ക്കരിക്കും. ഹോര്‍മുസ് കടലിടുക്കില്‍ വരുത്തുന്ന ഏതൊരു മാറ്റവും യൂറോപ്പിന് പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. യുദ്ധം ആരംഭിച്ചതിനുശേഷം ഇറാന്‍ ഫലപ്രദമായി അടച്ചുപൂട്ടിയതും കൈകാര്യം ചെയ്യാന്‍ പ്രത്യേക അതോറിറ്റി സ്ഥാപിച്ചതായി പ്രഖ്യാപിച്ചതുമായ ഹോര്‍മുസ് കടലിടുക്ക് അതിന്റെ സാധാരണ നിലയിലേക്ക് മടങ്ങണം. ഈ വിഷയത്തില്‍ ഒരു അനിശ്ചിതത്വ കരാര്‍ ഒപ്പുവെക്കുന്നതിനെതിരെ ഗര്‍ഗാഷ് മുന്നറിയിപ്പ് നല്‍കി.
വെടിനിര്‍ത്തല്‍ കൈവരിക്കാനും ഭാവിയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വിത്തുകള്‍ വിതക്കാനും ലക്ഷ്യമിടുന്ന ചര്‍ച്ചകളല്ല ഞങ്ങള്‍ അന്വേഷിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര ജലപാത എന്ന നിലയില്‍ അതിന്റെ പഴയ നിലയിലേക്ക് മടങ്ങണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും കരാറിലെത്താനും കരാറിലെത്താതിരിക്കാനുമുള്ള സാധ്യതകള്‍ തുല്യമാണ്. തങ്ങളുടെ പക്കലുള്ള തുറപ്പുചീട്ടുകള്‍ അമിതമായി വിലയിരുത്തുന്ന പ്രവണത കാരണം ഇറാന്‍ ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളായി നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ അവര്‍ അങ്ങിനെ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നതായും അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. നാറ്റോയില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികള്‍ക്കും സഖ്യം പ്രയോജനകരമാകുമെന്നും ഈ വര്‍ഷം അവസാനം അങ്കാറയില്‍ നടക്കുന്ന നാറ്റോ നേതാക്കളുടെ ഉച്ചകോടിക്ക് ഈ യോഗം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്വീഡനിലെ ഹെല്‍സിംഗ്ബോര്‍ഗില്‍ നടന്ന നാറ്റോ യോഗത്തിന് മുമ്പ് റൂബിയോ പ്രസ്താവിച്ചു.
ഹോര്‍മുസ് കടലിടുക്കും ഉയര്‍ന്ന അളവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറുന്നതും ഇപ്പോഴും ചര്‍ച്ചയിലാണെന്നും ഇരുപക്ഷവും സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായും പാകിസ്ഥാന്‍ വൃത്തങ്ങള്‍ പറഞ്ഞു. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിദേശത്തേക്ക് മാറ്റാന്‍ ഇറാന്‍ വിസമ്മതിക്കുകയും ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നു. അതേസമയം അമേരിക്ക ഇത് നിരസിക്കുന്നു.



