ദുബൈ – യു.എ.ഇയിലുടനീളമുള്ള സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനുകള്‍ ക്യാമ്പസില്‍ മൊബൈല്‍ ഫോണുകള്‍ക്ക് ദീര്‍ഘകാലമായി നിലവിലുള്ള വിലക്ക് കര്‍ശനമാക്കി. ഈ നയം ഒരുവിധ അപവാദവുമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കുമെന്ന് രക്ഷകര്‍ത്താക്കള്‍ക്ക് സ്‌കൂളുകള്‍ മുന്നറിയിപ്പ് നല്‍കി. രക്ഷിതാക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നല്‍കിയ ടെക്സ്റ്റ് സന്ദേശങ്ങളിലും സര്‍ക്കുലറുകളിലും, സ്‌കൂള്‍ കോംപൗണ്ടിനകത്ത് മൊബൈല്‍ ഫോണ്‍ കൈവശം വെക്കുന്ന ഏതൊരു വിദ്യാര്‍ഥിയടെയും ഫോണ്‍ ഒരു മാസത്തേക്ക് പിടിച്ചെടുക്കുമെന്ന് സ്‌കൂളുകള്‍ പറഞ്ഞു. ആവര്‍ത്തിച്ച് നിയമ ലംഘനങ്ങള്‍ നടത്തുന്നവരുടെ മൊബൈല്‍ ഫോണുകള്‍ അക്കാദമിക് വര്‍ഷാവസാനം വരെ കസ്റ്റയില്‍ സൂക്ഷിക്കാന്‍ ഇടയാക്കും.
ഐപാഡുകള്‍ ഉള്‍പ്പെടെയുള്ള ടാബ്ലെറ്റ് ഉപകരണങ്ങള്‍ പഠന ആവശ്യങ്ങള്‍ക്കായി അനുവദനീയമാണ്. അധ്യാപകന്റെ വ്യക്തമായ അഭ്യര്‍ഥനയോ അംഗീകാരമോ ഉണ്ടെങ്കില്‍ മാത്രമേ ടാബ്ലെറ്റ് അനുവദിക്കൂ എന്നും സ്‌കൂളുകള്‍ വ്യക്തമാക്കി. ഇടവേളകളിലും ക്ലാസുകള്‍ക്ക് മുമ്പും ക്ലാസുകള്‍ അവസാനിച്ചതിന് ശേഷവും ടാബ്ലെറ്റുകള്‍ ഉപയോഗിക്കുന്നത് സ്‌കൂള്‍ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കും.
സ്‌കൂളിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നത് നിരോധിക്കുന്ന, വിദ്യാര്‍ഥികളുടെ പെരുമാറ്റത്തെ കുറിച്ചുള്ള 2018 ലെ 851-ാം നമ്പര്‍ മന്ത്രിതല തീരുമാനത്തിന് അനുസൃതമായാണ് പുതിയ നടപടികള്‍. സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ വിലക്കുന്നതുമായി ബന്ധപ്പെട്ട നയം ഒരു പൊതു മാര്‍ഗനിര്‍ദേശത്തില്‍ നിന്ന് കര്‍ശനമായ നടപടിക്രമ നിര്‍വ്വഹണത്തിലേക്ക് മാറിയെന്ന് സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനുകള്‍ പറഞ്ഞു.
സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുന്നത് വിദ്യാഭ്യാസ മൂല്യങ്ങളെയും പെരുമാറ്റ അച്ചടക്കത്തെയും ശക്തിപ്പെടുത്തുന്നതായി റാസല്‍ഖൈമ ഗേള്‍ ഗൈഡ്സ് കമ്മീഷന്‍ മേധാവി മര്‍യം അല്‍ശഹി പറഞ്ഞു. ഡിജിറ്റല്‍ ശ്രദ്ധവ്യതിയാനം കുറക്കുന്നത് വിദ്യാര്‍ഥികളെ സന്തുലിത വ്യക്തിത്വങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും, അവബോധമുള്ളതും കഴിവുള്ളതുമായ ഒരു തലമുറയെ തയ്യാറാക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. സ്‌കൂളുകളുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ മര്‍യം അല്‍ശഹി മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു.
ഗണിതം പോലെ സ്ഥിരമായ ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളില്‍, അമിതമായ ഫോണ്‍ ഉപയോഗം വിദ്യാര്‍ഥികളുടെ ഗ്രാഹ്യശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പര്‍വൈസര്‍ സല്‍വ ഹാശിമും അധ്യാപിക ബുതൈന നശാത്തും പറഞ്ഞു. ഫോണുകളിലേക്കുള്ള ആക്സസ് പരിമിതപ്പെടുത്തുന്നത് ക്ലാസ് മുറിയിലെ ഇടപെടല്‍ മെച്ചപ്പെടുത്തുകയും പാഠങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പിന്തുടരാന്‍ വിദ്യാര്‍ഥികളെ സഹായിക്കുകയും ചെയ്യുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.



