അബൂദാബി – യുഎഇയിലെ പൊതു സ്കൂളുകളിൽ മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നതിന് നിരോധനമേർപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർത്ഥികളുടെ കൈവശം കണ്ടെത്തുന്ന ഫോണുകൾ പരിശോധിക്കുന്നതിനും കണ്ടുകെട്ടുന്നതിനും വ്യക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി പെരുമാറ്റ മാനേജ്മെന്റ് നിയന്ത്രണവുമായി ബന്ധപ്പെട്ട 2018 ലെ നിയമമനുസരിച്ച് മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. ഫോണുകൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ പഠന അന്തരീക്ഷത്തിൽ പോസിറ്റീവ് പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ തീരുമാനം.
മന്ത്രാലയത്തിന്റെ സർക്കുലർ അനുസരിച്ച്, മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനായി സ്‌കൂളുകൾ പതിവായി പരിശോധനാ കാമ്പെയ്‌നുകൾ നടത്തണം. വിദ്യാർത്ഥികളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടാണ് പരിശോധനകൾ നടത്തേണ്ടത്. പരിശോധനകൾ അവരുടെ ബാഗുകളിലും വ്യക്തിഗത വസ്തുക്കളിലും മാത്രമായി പരിമിതപ്പെടുതപ്പെടുത്തണമെന്നും പറയുന്നു.
സ്കൂൾ പരിസരത്ത് വിദ്യാർത്ഥിയുടെ കൈവശം നിന്ന് കണ്ടെത്തുന്ന ഏതൊരു ഫോണും സ്റ്റുഡന്റ് ബിഹേവിയർ മാനേജ്മെന്റ് റെഗുലേഷൻ അനുസരിച്ച് കണ്ടുകെട്ടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ ഫോൺ കണ്ടെത്തിയാൽ വിവരം മാതാപിതാക്കളെ അറിയിക്കും. ആദ്യ കുറ്റത്തിന് ഒരു മാസമാണ് ഫോൺ കണ്ടുകെട്ടുക. ആവർത്തിച്ചാൽ, അധ്യയന വർഷാവസാനം വരെ ഫോൺ തടഞ്ഞുവയ്ക്കപ്പെടും.
നിയമവിരുദ്ധമായ ആവശ്യങ്ങൾക്കായി ഫോൺ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നിയന്ത്രണത്തിൽ പറഞ്ഞിരിക്കുന്ന അച്ചടക്ക നടപടികൾ നടപ്പിലാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ പാലിക്കാത്ത സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കുലർ ചൂണ്ടിക്കാട്ടി. പുതിയ നടപടികളെക്കുറിച്ചും അച്ചടക്ക നടപടിക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധ പരിപാടികൾ ശക്തമാക്കണംമെന്നും മന്ത്രാലയം വ്യക്തമാക്കി.
വിദ്യാഭ്യാസ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതവും അച്ചടക്കമുള്ളതുമായ സ്കൂൾ അന്തരീക്ഷം നൽകുന്നതിനും വേണ്ടിയാണ് ഈ നിയന്ത്രണങ്ങൾ. നിയമം പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്കൂളുകളും രക്ഷിതാക്കളും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ പ്രാധാന്യം മന്ത്രാലയം എടുത്തുകാണിച്ചു.