അബുദാബി – ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളാണ് ആക്രമിക്കുന്നതെന്ന ഇറാന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളമാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവായ അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. ഇറാന്റെ ആക്രമണങ്ങള്‍ സിവിലിയന്മാര്‍ക്കും നിരപരാധികള്‍ക്കും ഒരു പരിഗണനയും നല്‍കുന്നില്ല. ഇറാന്റെ ആക്രമണങ്ങള്‍ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും സുപ്രധാന സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നതായും അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണം തുടരുന്നതിനിടെയാണ് ഗര്‍ഗാശിന്റെ പ്രസ്താവന.
ഇറാന്‍ ആക്രമണങ്ങള്‍ ആരംഭിച്ച ശേഷം യു.എ.ഇ ഇതുവരെ 262 ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തി. അവയില്‍ 241 എണ്ണം തകര്‍ത്തു. 19 എണ്ണം കടലില്‍ പതിച്ചു. രണ്ടെണ്ണം യു.എ.ഇ പ്രദേശത്ത് പതിച്ചു. 1,475 ഇറാന്‍ ഡ്രോണുകള്‍ കണ്ടെത്തിയതായും അതില്‍ 1,385 എണ്ണം തടഞ്ഞതായും 90 ഡ്രോണുകള്‍ യു.എ.ഇ പ്രദേശത്തിനുള്ളില്‍ പതിച്ചതായും യു.എ.ഇ വെളിപ്പെടുത്തി. എട്ട് ക്രൂയിസ് മിസൈലുകളും യു.എ.ഇ കണ്ടെത്തി നശിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയുടെ സംരക്ഷണം ഉറപ്പാക്കാനും ദേശീയ താല്‍പ്പര്യങ്ങളും ആര്‍ജിത നേട്ടങ്ങളും സംരക്ഷിക്കാനുമായി ഏതൊരു ഭീഷണിയെയും ശക്തമായി നേരിടാന്‍ പൂര്‍ണ്ണമായും സുസജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.



