അബുദാബി – മേഖലയിലെ സുരക്ഷാ, രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി യു.എ.ഇ വിദേശ മന്ത്രാലയം ഇറാന്‍, ലെബനോന്‍, ഇറാഖ് എന്നിവിടങ്ങളിലേക്ക് തങ്ങളുടെ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു. നിലവില്‍ മൂന്ന് രാജ്യങ്ങളിലുള്ള എല്ലാ യു.എ.ഇ പൗരന്മാരും എത്രയും വേഗം യു.എ.ഇയിലേക്ക് മടങ്ങണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിദേശത്തുള്ള തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിത്. തങ്ങളുടെ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും പൗരന്മാര്‍ പാലിക്കേണ്ടത് പ്രധാനമാണ്. കൂടാതെ ഇറാന്‍, ലെബനോന്‍, ഇറാഖ് എന്നിവിടങ്ങളിലുള്ളവര്‍ അവരുടെ സാഹചര്യം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ആവശ്യമായ പിന്തുണ നല്‍കാനും തങ്ങളുമായി ബന്ധപ്പെടണമെന്നും യു.എ.ഇ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. സമീപകാലത്ത് മേഖലയില്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെയും സുരക്ഷാ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.