ദുബൈ – റാസല്‍ഖൈമയിലെ പഴയ കോര്‍ണിഷ് ബീച്ചില്‍ 12 വയസ് പ്രായമുള്ള രണ്ടു പാക്കിസ്ഥാന്‍ ബാലന്മാര്‍ മുങ്ങിമരിച്ചു. ഇവരില്‍ ഒരാളുടെ സഹോദരനെ സ്ഥലത്ത് നീന്തുകയായിരുന്ന ഈജിപ്ഷ്യന്‍ യുവാവ് രക്ഷപ്പെടുത്തി. തന്റെ മകനും കൂട്ടുകാരനായ മുഹമ്മദ് ആസിഫും കുടുംബത്തിന്റെ അറിവില്ലാതെ അപ്രതീക്ഷിതമായി ബീച്ചിലേക്ക് പോവുകയായിരുന്നെന്ന് ദുരന്തത്തില്‍ പെട്ട പാക് ബാലന്‍ ഉമര്‍ ആസിഫിന്റെ പിതാവ് പറഞ്ഞു. ഉമര്‍ ബീച്ചില്‍ എത്തിയത് ഇത് രണ്ടാം തവണയായിരുന്നു. ആദ്യ തവണ അമ്മാവനൊപ്പമായിരുന്നു ബീച്ച് സന്ദര്‍ശിച്ചത്. അന്ന് അവര്‍ ബീച്ചില്‍ നീന്തിയിരുന്നില്ല. മുമ്പ് മുങ്ങിമരണ സംഭവങ്ങള്‍ കേട്ടതിനുശേഷം സുരക്ഷ ഭയന്ന് കടലില്‍ പോകാൻ മകനെ അനുവദിക്കാറില്ലായിരുന്നു എന്നും പിതാവ് പറഞ്ഞു.
ഇരുപത്തിരണ്ടു വര്‍ഷമായി താന്‍ യു.എ.ഇയില്‍ താമസിച്ച് വരികയാണ്. തനിക്ക് രണ്ടു ആണ്‍മക്കളാണുള്ളത്. ഇക്കൂട്ടത്തില്‍ മൂത്ത മകനാണ് ഉമര്‍. ഒമ്പത് വയസ്സുള്ള ഇളയവന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. റാസല്‍ഖൈമയിലെ ദെഹാന്‍ പരിസരത്ത് കുടുംബത്തിന് മൊബൈല്‍ ഫോണ്‍ കടയുണ്ട്. ഓള്‍ഡ് കോര്‍ണിഷില്‍ വൈകുന്നേരം അഞ്ചു മണിയോടെ തങ്ങളുടെ കടക്ക് സമീപമുള്ള ബീച്ചിനടുത്താണ് മുങ്ങിമരണം സംഭവിച്ചത്.
കാണാതായതിനെ തുടര്‍ന്ന് ഉമര്‍ ദിവസവും ഉപയോഗിച്ചിരുന്ന കടയുടെ വൈ-ഫൈ നെറ്റ്വര്‍ക്ക് താന്‍ പരിശോധിച്ചു. ആ ദിവസം ഉമര്‍ കട സന്ദര്‍ശിച്ചിരുന്നില്ലെങ്കിലും, അവസാനമായി വാട്ട്സ്ആപ്പ് ഉപയോഗിച്ചത് വൈകുന്നേരം 4.13 ന് ആയിരുന്നുവെന്ന് രേഖകള്‍ കാണിക്കുന്നു. മകന്‍ കടക്കു സമീപത്തു കൂടി കടന്നുപോയി നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചതാകുമെന്ന് കരുതി. തങ്ങളുടെ കടയില്‍ നിന്ന് ഏകദേശം 100 മീറ്റര്‍ അകലെയുള്ള അബായ സ്റ്റോറിന്റെ സി.സി.ടി.വിയില്‍, മുങ്ങിമരിച്ച രണ്ടു പേര്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ വൈകുന്നേരം 4.28 ന് തെരുവിലൂടെ നടക്കുന്നത് പതിഞ്ഞിരുന്നു എന്നും ഉമറിന്റെ പിതാവ് പറഞ്ഞു.
തന്റെ കടക്കു സമീപമുള്ള അയല്‍ക്കാരനില്‍ നിന്നാണ് തന്റെ മകനും കൂട്ടുകാരനും മുങ്ങിമരിച്ചതായി താന്‍ അറിഞ്ഞത്. ഉടന്‍ തന്നെ ഉമറിന്റെ ഫോണിലേക്ക് വിളിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും ബീച്ചിലുണ്ടായിരുന്ന ഒരാള്‍ മകനെ റാസല്‍ഖൈമയിലെ സഖര്‍ ആശുപത്രിയില്‍ എത്തിച്ചതായി അറിയിച്ചു. മകനെ രക്ഷിക്കാമെന്ന പ്രതീക്ഷയില്‍ താന്‍ ആശുപത്രിയില്‍ ഓടിയെത്തി. പക്ഷേ, അപ്പോഴേക്കും ഉമര്‍ മരിച്ചിരുന്നു. കടലില്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലൂടെ ഉമറിന്റെ മൃതദേഹം ആദ്യം കണ്ടെടുത്തു. ഇതിന് പതിനാലു മണിക്കൂറിനു ശേഷമാണ് മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. അത് ദൈവഹിതമായിരുന്നു. ഞങ്ങള്‍ അത് അംഗീകരിക്കുന്നു. മൂന്ന് കുട്ടികളില്‍ ആര്‍ക്കും നീന്തല്‍ അറിയുമായിരുന്നില്ലെന്നും ഉമറിന്റെ പിതാവ് പറഞ്ഞു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച റാസല്‍ഖൈമ പോലീസിന് ഉമറിന്റെ പിതാവ് നന്ദി പ്രകടിപ്പിച്ചു.



