അബുദാബി – യു.എ.ഇയില്‍ ഇന്നലെയും ഇന്നുമായുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 28 ന് ഇറാന്‍ ആക്രമണം ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ വ്യോമസേനയും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇതുവരെ 165 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും 541 ഡ്രോണുകളും തടഞ്ഞതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ സായുധ സേന 20 ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തു. എട്ട് മിസൈലുകള്‍ കടലില്‍ പതിച്ചു. രണ്ട് ക്രൂയിസ് മിസൈലുകളും 311 ഡ്രോണുകളും തകര്‍ക്കപ്പെട്ടു. 21 ഡ്രോണുകള്‍ സിവിലിയന്‍ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തി. ഇത് വിവിധ ഭീഷണികള്‍ നേരിടാനുള്ള യു.എ.ഇ വ്യോമ പ്രതിരോധ സേനകളുടെ കഴിവ് സ്ഥിരീകരിക്കുന്നു.
ശനിയാഴ്ച ആക്രമണം ആരംഭിച്ചതിനുശേഷം, ഇറാനില്‍ നിന്ന് രാജ്യത്തേക്ക് വിക്ഷേപിച്ച 165 ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തി. ഇതില്‍ 152 എണ്ണം തകര്‍ക്കപ്പെട്ടു. 13 എണ്ണം കടലില്‍ പതിച്ചു. രണ്ട് ക്രൂയിസ് മിസൈലുകളും കണ്ടെത്തി നശിപ്പിച്ചു. 541 ഇറാന്‍ ഡ്രോണുകള്‍ നിരീക്ഷിച്ചു. അതില്‍ 506 എണ്ണം തടഞ്ഞു നശിപ്പിച്ചു. 35 എണ്ണം രാജ്യത്തിനുള്ളില്‍ വന്നിറങ്ങി ഭൗതിക നാശനഷ്ടങ്ങള്‍ വരുത്തിവച്ചു.
പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് പേര്‍ കൊല്ലപ്പെടുകയും യു.എ.ഇ, ഈജിപ്ത്, എത്യോപ്യ, ഫിലിപ്പൈന്‍സ്, പാകിസ്ഥാന്‍, ഇറാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസര്‍ബൈജാന്‍, യെമന്‍, ഉഗാണ്ട, എരിത്രിയ, ലെബനോന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 58 പേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു.
വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തടഞ്ഞതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചില അവശിഷ്ടങ്ങള്‍ വീണു. ഇത് നിരവധി സിവിലിയന്‍ സ്വത്തുക്കള്‍ക്ക് നേരിയതോ മിതമായതോ ആയ നാശനഷ്ടങ്ങള്‍ വരുത്തി. പൗരന്മാരുടെയും പ്രവാസികളുടെയും സന്ദര്‍ശകരുടെയും സുരക്ഷ രാജ്യത്തിന്റെ മുന്‍ഗണനയായി തുടരും. ഏത് ഭീഷണികളെയും നേരിടാന്‍ സായുധ സേന പൂര്‍ണ്ണമായും സുസജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ നേടാനും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.



