ദുബായ് – നഗരത്തിലെ റോഡില്‍ വെച്ച് മറ്റൊരു കാര്‍ ഡ്രൈവറെ ആക്രമിച്ച കേസില്‍ കാര്‍ ഡ്രൈവറെ ദുബായ് കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചതായും ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായും ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. മറ്റൊരു വാഹനത്തെ പിന്തുടരുകയും മനഃപൂര്‍വ്വം വെട്ടിത്തിരിഞ്ഞ് മുന്നില്‍ കയറി കാര്‍ നിര്‍ത്താന്‍ ഡ്രൈവറെ നിര്‍ബന്ധിക്കുകയും പിന്നീട് അക്രമിക്കുകയും ചെയ്തതിനാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. ആളുകളുടെ ജീവനും സ്വത്തും അപകടത്തിലാക്കും വിധം വാഹനമോടിച്ചതിന്റെ പേരില്‍ ട്രാഫിക് പ്രോസിക്യൂഷന്‍ ഡ്രൈവറെ കോടതിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പ്രതി അശ്രദ്ധമായി വാഹനമോടിക്കുകയും ഇരയുടെ വാഹനത്തെ പിന്തുടരുകയും മനഃപൂര്‍വ്വം മുന്നിലേക്ക് വെട്ടിച്ച് കയറുകയുമായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ഇരയുടെ വഴി തടഞ്ഞ് കാര്‍ നിര്‍ത്താന്‍ നിര്‍ബന്ധിക്കുകയും പ്രതി വാഹനത്തില്‍ നിന്ന് ഇറങ്ങി ഇരയെ ശാരീരികമായി ആക്രമക്കുകയായിരുന്നു.
ഡ്രൈവറുടെ പ്രവൃത്തികള്‍ ഇരയെ മാത്രമല്ല, റോഡ് ഉപയോഗിക്കുന്ന മറ്റ് വാഹന ഉടമകളെയും അപകടത്തിലാക്കിയതായി ട്രാഫിക് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ഇരയുടെ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു. അന്വേഷണത്തിന് ശേഷം, പ്രോസിക്യൂട്ടര്‍മാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിടുകയും കേസ് കോടതിയിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. തെളിവുകള്‍ പരിശോധിച്ച ശേഷം, കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു.
വാഹനമോടിക്കുന്നവര്‍ ആത്മനിയന്ത്രണം പാലിക്കണമെന്നും സമൂഹത്തിന്റെ മൂല്യങ്ങളെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന റോഡ് മര്യാദകള്‍ പാലിക്കണമെന്നും സീനിയര്‍ അഡ്വക്കേറ്റ് ജനറലും ട്രാഫിക് പ്രോസിക്യൂഷന്‍ മേധാവിയുമായ കൗണ്‍സിലര്‍ സ്വലാഹ് അല്‍ഫലാസി വ്യക്തമാക്കി. കുറ്റവാളികളെ ഉത്തരവാദിത്തപ്പെടുത്താന്‍ അധികാരമുള്ള ഏക സ്ഥാപനങ്ങള്‍ സുരക്ഷാ, ട്രാഫിക് വകുപ്പുകളാണ്. പ്രശ്‌നങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യു.എ.ഇ നിയമങ്ങള്‍ വ്യക്തിഗത അവകാശങ്ങള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നുണ്ടെന്നും നീതി തേടുന്നതിനുള്ള നിയമപരമായ വഴികള്‍ ഉറപ്പുനല്‍കുന്നുണ്ടെന്നും ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുന്നത് വ്യക്തികളെ നിയമപരമായ ബാധ്യതയിലേക്ക് നയിക്കുമെന്നും സ്വലാഹ് അല്‍ഫലാസി പറഞ്ഞു.



