ദുബായ്: ദുബായ് ആരോഗ്യ വകുപ്പിനു കീഴില്‍ 15 വര്‍ഷത്തിലേറെ നഴ്‌സായി സേവനം ചെയ്യുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കും. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണിത്. ആതുരശുശ്രൂഷ സേവന രംഗത്തെ ഇവരുടെ സംഭാവനകളും സുപ്രധാന പങ്കിനുമുള്ള അംഗീകാരമായാണ് ദീര്‍ഘകാല വിസ അനുവദിക്കുക. ആരോഗ്യസേവന സംവിധാനത്തിന്റെ മുന്നണിയിലുള്ളവരാണ് നഴ്‌സുമാര്‍.
മെച്ചപ്പെട്ട ജീവിത ഗുണനിലവാരം, ആരോഗ്യമുള്ള സമൂഹം എന്നീ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ അവിഭാജ്യ പങ്കാളികളായാണ് ഇവര്‍ സേവനം ചെയ്യുന്നതെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു. രോഗീ പരിചരണത്തിലും മറ്റുള്ളവരുടെ ക്ഷേമത്തിലുമുള്ള നഴ്‌സുമാരുടെ പ്രതിബദ്ധതയേയും അദ്ദേഹം പ്രശംസിച്ചു. മികവിന് ദുബായ് വിലകല്‍പ്പിക്കുന്നുവെന്നും സമര്‍പ്പണബോധത്തോടെ സേവനം ചെയ്യുന്നവരെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലോക അധ്യാപക ദിനത്തില്‍ സ്വകാര്യ സ്‌കൂളുകളിലെ മികവുറ്റ അധ്യാപകര്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നു.