ദുബൈ – ബോളിവുഡ് മെഗാസ്റ്റാര്‍ ഷാരൂഖ് ഖാന് ഗ്ലോബല്‍ സ്‌റ്റൈല്‍ ഐക്കണ്‍ അവാര്‍ഡ്. ദുബൈ മാള്‍ ഗ്ലോബല്‍ ഫാഷന്‍ അവാര്‍ഡ്‌സ് ഉദ്ഘാടന ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായി മാറിയ കിംഗ് ഖാന് ഗ്ലോബല്‍ സ്‌റ്റൈല്‍ ഐക്കണ്‍ അവാര്‍ഡ് സമ്മാനിച്ചു. രണ്ട് ദിവസത്തെ ദുബൈ മാള്‍ ഫെസ്റ്റിവല്‍ ഓഫ് ഫാഷന്റെ ഗ്രാന്‍ഡ് ഫിനാലെയായി പ്രവര്‍ത്തിച്ച ദുബൈയിലെ അര്‍മാനി ഹോട്ടലിലായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്. ഐക്കണിക് ഷോപ്പിംഗ് ഡെസ്റ്റിനേഷനായ ദുബൈ മാളിനെ സ്‌റ്റൈല്‍, സംസ്‌കാരം, ആഗോള സ്വാധീനം എന്നിവയുടെ ആഘോഷമാക്കി അവാര്‍ഡ് ദാന ചടങ്ങ് മാറ്റി.
എനിക്ക് ഫാഷനെ കുറിച്ച് കൂടുതല്‍ അറിയില്ല. ഞാന്‍ സാധാരണയായി നീല ജീന്‍സും വെള്ള ഷര്‍ട്ടും മാത്രമാണ് ധരിക്കാറ് – ഫാഷന്റെ ഏറ്റവും അഭിമാനകരമായ ബഹുമതികളില്‍ ഒന്ന് ലഭിച്ചിട്ടും തന്റെ സ്‌റ്റൈല്‍ യോഗ്യതകളെ കുറിച്ച് എളിമയോടെ 59 കാരനായ താരം ചടങ്ങില്‍ പറഞ്ഞു. ഷോയുടെ ഏറ്റവും വലിയ പ്രചോദനം ഷാറൂഖ് ഖാനാണെന്ന് വിശേഷിപ്പിച്ച എമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകനായ മുഹമ്മദ് അല്‍അബ്ബാറാണ് താരത്തിന് അവാര്‍ഡ് സമ്മാനിച്ചത്. അവാര്‍ഡ് കൈമാറിയ ശേഷം ഇരുവരും ഊഷ്മളമായ ആലിംഗനം പങ്കിട്ടു.
തന്റെ സുഹൃത്ത് തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്ന് സൂചിപ്പിച്ചുകൊണ്ട് ഖാന്‍ ബഹുമതിയെ കുറിച്ച് തമാശ പറഞ്ഞു. എന്റെ അവാര്‍ഡ് അല്‍പം പക്ഷപാതപരമാണെന്ന് എനിക്ക് തോന്നുന്നു. ഇത് എനിക്ക് ലഭിക്കാന്‍ അദ്ദേഹം കുറച്ച് ചരടുകള്‍ വലിച്ചിരിക്കണം. അദ്ദേഹം എനിക്ക് വേണ്ടി ഒരു ചെറിയ വാക്ക് പറഞ്ഞിരിക്കും – ഷാറൂഖ് ഖാന്‍ തന്റെ തനതു നര്‍മ്മത്തോടെ പറഞ്ഞു. ഷാറൂഖ് ഖാനെ ആകര്‍ഷകമായ സ്യൂട്ടില്‍ അണിയിച്ച ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, കൊച്ചര്‍ ഡിസൈനര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടി. ഇരുവര്‍ക്കും സഹകരണത്തിന്റെ ഒരു നീണ്ട ചരിത്രമുണ്ട്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളോടെ ഏതാനും സിനിമകളില്‍ ഷാറൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



