അബുദാബി – അബുദാബിയിലെ മിക്ക പൊതു, സ്വകാര്യ സ്‌കൂളുകളും സ്‌കൂള്‍ പരിസരത്തേക്ക് മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും കൊണ്ടുവരുന്നതിനുള്ള നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങി. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനും സ്വകാര്യത സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് അബുദാബിയിലെ പൊതു, സ്വകാര്യ സ്‌കൂളുകള്‍ മൊബൈല്‍ ഫോണുകള്‍ സ്‌കൂളിലേക്ക് കൊണ്ടുവരരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്റ്റുഡന്റ് ബിഹേവിയര്‍ മാനേജ്‌മെന്റ് റെഗുലേഷനുകളെ കുറിച്ചുള്ള 2018 ലെ മന്ത്രിതല പ്രമേയം (851) അടിസ്ഥാനമാക്കിയാണിത്.
സ്‌കൂളുകള്‍ക്കുള്ളില്‍ സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം അന്തിമം ആണെന്നും മാറ്റാനാകില്ലെന്നും സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനുകള്‍ സ്ഥിരീകരിച്ചു. വിദ്യാര്‍ഥികളുടെ കൈവശം കണ്ടെത്തുന്ന ഫോണുകള്‍ കണ്ടുകെട്ടുമെന്നും അക്കാദമിക് ടേം അവസാനിക്കുന്നതുവരെ അത് തിരികെ നല്‍കില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇക്കാര്യം അംഗീകരിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഔദ്യോഗിക സത്യവാങ്മൂലത്തില്‍ ഒപ്പിടേണ്ടതുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് മൊബൈല്‍ ഫോണുകള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നത്. അച്ചടക്കവും ഫലപ്രദവുമായ പഠന അന്തരീക്ഷവും നിലനിര്‍ത്തുന്നതിന് നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്ന് സ്‌കൂളുകള്‍ അറിയിച്ചു.
വിദ്യാര്‍ഥിയുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍, സ്റ്റുഡന്റ് ബിഹേവിയര്‍ മാനേജ്‌മെന്റ് റെഗുലേഷനുകളില്‍ വിവരിച്ചിരിക്കുന്ന നടപടിക്രമങ്ങള്‍ക്കനുസൃതമായി അത് കണ്ടുകെട്ടുമെന്ന് സ്‌കൂളുകള്‍ പറഞ്ഞു. നിയമലംഘനത്തെ കുറിച്ച് രക്ഷിതാവിനെ അറിയിക്കും. കണ്ടുകെട്ടുമ്പോള്‍ ഫോം 24 ലും തിരികെ നല്‍കുമ്പോള്‍ ഫോം 25 ലും ഒപ്പുവെക്കുകയും വേണം. ആദ്യ തവണ ഒരു മാസത്തേക്കാണ് ഫോണ്‍ കണ്ടുകെട്ടുക. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ അധ്യയന വര്‍ഷാവസാനം വരെ കണ്ടുകെട്ടും. മൊബൈലില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ഫോട്ടോകള്‍ ഉണ്ടെങ്കില്‍, ഉചിതമായ നടപടിക്കായി കേസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിലേക്ക് റഫര്‍ ചെയ്യും.
മൊബൈല്‍ ഫോണുകള്‍ക്കു പുറമേ സ്മാര്‍ട്ട് വാച്ചുകളും ഇലക്‌ട്രോണിക് ഗെയിമിംഗ് ഉപകരണങ്ങള്‍ക്കും നിരോധനം ബാധകമാണെന്ന് സ്‌കൂളുകള്‍ വ്യക്തമാക്കി. അവയെല്ലാം ഉടനടി കണ്ടുകെട്ടും. ക്യാമറകള്‍ക്കും വിലക്ക് ബാധകമാണ്. സ്‌കൂള്‍ പരിതസ്ഥിതികളില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം നിയന്ത്രിക്കുക, സ്വകാര്യത സംരക്ഷിക്കുക, അച്ചടക്കം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ പറഞ്ഞു.