ദുബായ്: വാഹനങ്ങളുടെ സാങ്കേതിക പരിശോധനക്കായി ഓണ്‍ലൈന്‍ മുഖേന ബുക്കിംഗ് എടുക്കാത്തവരില്‍ നിന്ന് 100 ദിര്‍ഹം അധിക ഫീസ് ഈടാക്കാന്‍ ദുബായ് ആര്‍.ടി.എ. ജൂണ്‍ 2 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ദുബായിലുടനീളമുള്ള 27 സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിലും വാഹന പരിശോധനകള്‍ക്കായി ആര്‍ടിഎ ദുബായ് സ്മാര്‍ട്ട് ആപ്പ് വഴിയോ അല്ലെങ്കില്‍ വെബ്സൈറ്റ് (www.rta.ae) മുഖേനയോ ബുക്കിംഗ് നടത്തണമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് ഈ നടപടി ലക്ഷ്യമിടുന്നത്. അതേസമയം തസ്ജീല്‍ ഹത്ത സെന്ററില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വാക്ക് ഇന്‍ സേവനം ഇപ്പോഴും കിട്ടും. അതിനാകട്ടെ 100 ദിര്‍ഹത്തിന്റെ അധിക സേവന ഫീസ് ബാധകമാകും.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ദുബൈ ആര്‍.ടി.എ തുടക്കമിട്ടത്. അല്‍ഖിസൈസിലെയും അല്‍ബര്‍ഷയിലെയും തസ്ജീല്‍ കേന്ദ്രങ്ങളില്‍ മാത്രമായിട്ടായിരുന്നു ആരംഭം. ”ഉപഭോക്താക്കളുടെ സമയവും അധ്വാനവും ും ലാഭിക്കുന്നതില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സമ്പ്രദായം ഫലപ്രദമാണെന്ന് തെളിഞ്ഞു. ആറുമാസത്തെ പൈലറ്റ് പ്രൊജ്ക്ട് ആയിട്ടാണ് തുടങ്ങിയത്. അല്‍ ഖിസൈസ്, അല്‍ബര്‍ഷ കേന്ദ്രങ്ങളില്‍ വാഹന പരിശോധന സേവനങ്ങള്‍ക്കായുള്ള ശരാശരി ഉപഭോക്തൃ കാത്തിരിപ്പ് സമയത്തില്‍ ഏകദേശം 46 ശതമാനം കുറവ് ഉണ്ടായി. ആകെ ലഭ്യമായ ശേഷിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൗതിക പരിശോധന ഇടപാടുകളുടെ ഒക്യുപന്‍സി നിരക്കില്‍ 15 ശതമാനം കുറവും അനുഭവപ്പെട്ടു. ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നത് കാത്തിരിപ്പ് സമയം ഏകദേശം 40 ശതമാനം കുറയ്ക്കാന്‍ സഹായിക്കുമെന്നും ആര്‍ടിഎ പറഞ്ഞു. ഇത് ഒക്യുപന്‍സി നിരക്കുകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ദുബൈ ആര്‍.ടി.എയുടെ ലൈസന്‍സിംഗ് ഏജന്‍സിയിലെ വെഹിക്കിള്‍ ലൈസന്‍സിംഗ് ഡയറക്ടര്‍ ഖയിസ് അല്‍ഫാരിസി പറഞ്ഞു.
ദുബൈയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വദേശികളും വിദേശികളുമായ പ്രത്യേക പരിഗണ ആവശ്യമുള്ളവര്‍ക്കും (അംഗപരിമിതരുള്‍പ്പെടെ) പിന്നെ മുതിര്‍ന്ന പൗരന്മാര്‍ക്കും അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സംവിധാനം ബാധകമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.