ദുബൈ– ഇന്ത്യയിൽ അർജന്റീന ടീമിന്റെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്യുകയാണെന്ന് അറിയിച്ച് ലുലു എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്. അർജന്റീന ഫുഡ്‌ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻടെക് പങ്കാളിയായി ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയിൽ ലുലു ഫോറെക്‌സും ലുലു ഫിൻസെർവുമാണ് അർജന്റീന ഫുഡ്‌ബോൾ അസോസിയേഷനെ പ്രതിനിധീകരിക്കുക. ഇതുമായി എങ്ങനെ അർജന്റീന ടീമിനെ സഹകരിപ്പിക്കാമെന്നതിനെ സംബന്ധിച്ചും ചർച്ചകൾ നടന്നുവരികയാണ്.
കേരളത്തിൽ അർജന്റീന ടീം കളിക്കാനുള്ള മന്ത്രിതല ചർച്ചകൾ നടക്കുന്നതായി അർജന്റീന ടീം മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ വെളിപ്പെടുത്തിയിരുന്നു. സർക്കാറുമായി ചർച്ച നടത്തുകയാണെന്നും അടുത്ത ലോകകപ്പിന് മുമ്പ് ടീം കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ മെസ്സിയും ടീമും കേരളത്തിൽ കളിക്കാനെത്തുമെന്ന് ഈ വർഷം ആദ്യത്തിൽ കായികമന്ത്രി വി അബ്ദുറഹ്‌മാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സമയത്ത് അർജന്റീന ടീം ചൈനയിലായിരുക്കുമെന്ന വാർത്ത പരന്നതോടെ മന്ത്രി ടീമിന്റെ കേരളത്തിൽ നിന്നുള്ള കളി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പക്ഷെ എപ്പോഴാണ് ടീം കേരളത്തിലെത്തുന്ന കാര്യം വ്യക്തമാക്കിയിരുിന്നില്ല.