ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ രണ്ടാം തവണയും ഭാഗ്യം കൈവരിച്ച് മലയാളി.38 വർഷമായി ദുബായിൽ പ്രവാസിയായ പോൾ ജോസ് മാവേലി (60)യാണ് ഒരു ദശലക്ഷം ദിർഹത്തിന്റെ (രണ്ട് കോടി രൂപ) സമ്മാനം കരസ്ഥമാക്കിയത്. ഒൻപത് വർഷത്തിനിടെ രണ്ടാം തവണയാണ് പോൾ ജോസ് മാവേലി നറുക്കെടുപ്പിൽ വിജയിക്കുന്നത്.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രൊമോഷന് ചരിത്രത്തില്‍ രണ്ട് തവണ വിജയിക്കുന്ന 11-ാമത്തെ ഭാഗ്യശാലിയാണ് പോള്‍. ഇത്തവണ 17 സുഹൃത്തുക്കളുമായി ചേർന്ന് പങ്കിട്ടാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തിരുന്നത്.നേരെത്തെ 2016 നവംബറിലാണ് ഒൻപത് പേരുമായി ചേർന്ന് എടുത്ത ടിക്കറ്റിൽ പോളിന് ആദ്യമായി ഒരു ദശലക്ഷം ദിർഹത്തിന്റെ സമ്മാനം ലഭിച്ചത്.
രണ്ട് കുട്ടികളുടെ പിതാവായ പോള്‍ ഒരു കരാര്‍ കമ്പനിയിലെ സൈറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയാണ്. 1999 മുതൽ ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്.സമ്മാന വിവരം അറിഞ്ഞ് സന്തോഷം കൊണ്ട് നിറഞ്ഞ അദ്ദേഹം, ദുബായ്ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിച്ചു. രണ്ടാം തവണയും സമ്മാനം നേടാനായതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു.