ദുബായ്- യു.എ.ഇ ബിസിനസ് ബേയിലെ ഗൾഫ് ഫസ്റ്റ് കൊമേഴ്സ്യൽ ബ്രോക്കേഴ്സിന്റെ ഓഫീസിന് മുന്നിൽ ഇപ്പോൾ ഒരു കറുത്ത മാലിന്യ സഞ്ചിയും ബക്കറ്റിനുള്ളിൽ എടുത്തുവെച്ചിരിക്കുന്ന മോപ്പും മാത്രമാണ് ബാക്കിയുള്ളത്. കാപിറ്റൽ ഗോൾഡൻ ടവറിലെ സ്യൂട്ട് 302 പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മാസം വരെ, ഏകദേശം 40 ജീവനക്കാർ സ്യൂട്ട് 302, 305 എന്നിവയിൽനിന്ന് ഫോറെക്സ് ഓഫറുകളുമായി നിരന്തരം ഇൻവെസ്റ്റർമാരെ ബന്ധപ്പെട്ടിരുന്നു. ഈ രണ്ട് സ്ഥലങ്ങളും ഇപ്പോൾ ശൂന്യമാണ്. ഭിത്തികളിൽ നിന്ന് ഫോൺ വയറുകൾ പറിച്ചെടുക്കപ്പെട്ടിരിക്കുന്നു. തറയിലാകെ പൊടി പടലം, നിക്ഷേപകരുടെ ദശലക്ഷക്കണക്കിന് ഫണ്ടുകൾ ആവിയായി. ബ്രോക്കറേജ് സ്ഥാപനം ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായതോടെ നിക്ഷേപകർക്ക് ദശലക്ഷക്കണക്കിന് ദിർഹമാണ് നഷ്ടമായിരിക്കുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പണം നഷ്ടമായവരിൽ മലയാളി പ്രവാസികളായ മുഹമ്മദും ഫായസ് പോയിൽ എന്നിവരും ഉൾപ്പെടുന്നു. ഇരുവരും ചേർന്ന് 75,000 ഡോളറാണ് ഇവിടെ നിക്ഷേപിച്ചത്. “ഞാൻ ഇവിടെ കാര്യങ്ങൾ അന്വേഷിക്കാനാണ് വന്നത്. എന്നാൽ ഒന്നും ബാക്കിയില്ല. ശൂന്യമായ ഓഫീസുകൾ മാത്രം. ഞങ്ങൾ എല്ലാ നമ്പറുകളിലേക്കും വിളിച്ചു. ആരും പ്രതികരിക്കുന്നില്ല- ഫയാസ് പറഞ്ഞു. ഇവിടെ ഇക്കാലം വരെ ആരും ഉണ്ടായിരുന്നില്ല എന്ന രീതിയിലാണ് ഓഫീസുള്ളത്.
സുരക്ഷിതമായ ലാഭം ഉറപ്പ് നൽകിയാണ് അവർ തങ്ങളെ വലവീശിയതെന്ന് മറ്റൊരു ഇന്ത്യൻ നിക്ഷേപകനായ സഞ്ജീവ് പറഞ്ഞു, ആവർത്തിച്ചുള്ള ഉറപ്പുകൾ തന്റെ ജീവിത സമ്പാദ്യം ഇവിടെ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
50,000 ഡോളർ നഷ്ടപ്പെട്ട മുഹമ്മദ്, ജീവനക്കാർ ഗൾഫ് ഫസ്റ്റും സിഗ്മ വണ്ണും ഒരേ പ്രവർത്തനമാണെന്ന് അവകാശപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി. രണ്ട് കമ്പനികൾക്കെതിരെയും പോലീസിൽ പരാതി ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം, ഈ കമ്പനികളൊന്നും അംഗീകാരമില്ലാതെയാണ് പ്രവർത്തിച്ചിരുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കമ്പനിക്ക് സെന്റ് ലൂസിയ രജിസ്ട്രേഷനും ബുർ ദുബായിലെ മുസല്ല ടവറിൽ ഒരു ഓഫീസും ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ അത്തരമൊരു ഓഫീസ് നിലവിലില്ല. വാസ്തവത്തിൽ, കമ്പനി അവിടെ പ്രവർത്തിച്ചതിന്റെ രേഖകളൊന്നുമില്ലെന്നും ഇപ്പോൾ ഞങ്ങൾക്ക് ശൂന്യമായ ഓഫീസുകളും കാലിയായ ബാങ്ക് അക്കൗണ്ടുകളും മാത്രമാണ് ബാക്കിയെന്നും മറ്റൊരു നിക്ഷേപകൻ പറഞ്ഞു. “സുരക്ഷിത ട്രേഡിംഗ് ” വാഗ്ദാനം ചെയ്യുന്ന കോൾഡ് കോളുകൾ വഴിയാണ് നിക്ഷേപകരെ ഇവർ വലയിലാക്കിയത്.
സാധാരണയായി, ക്രെഡിറ്റ് കാർഡുകൾ പരമാവധി ഉപയോഗിച്ചോ വായ്പ എടുത്തോ ആണ് പ്രവാസികളടക്കം നിക്ഷേപം നടത്തിയത്. കമ്പനിക്ക് ദുബായിൽ ഓഫീസുകളുണ്ട് എന്ന കാര്യം കെട്ടുകഥയാണെന്നും പിന്നീട് കണ്ടെത്തി. ഈ പ്രവർത്തനങ്ങൾ ഒരേ സിൻഡിക്കേറ്റിന്റെ ഭാഗമാണെന്ന് നിക്ഷേപകർ സംശയിക്കുന്നു.
ഫോൺ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിക്ഷേപം നടത്താൻ പ്രേരിപ്പിക്കപ്പെട്ടത് എന്നാണ് മുഹമ്മദും ഫയാസും പറയുന്നത്. എന്റെ റിലേഷൻഷിപ് മാനേജർ 1,000 ഡോളറിന്റെ പ്രാരംഭ നിക്ഷേപം നടത്താൻ എന്നെ പ്രേരിപ്പിച്ചു. കാലക്രമേണ, സുഗമമായ ട്രേഡിംഗിന്റെയും ആദ്യകാല ലാഭത്തിന്റെയും മായാജാലം കൊണ്ട് കൂടുതൽ ഫണ്ടുകൾ ചേർക്കാൻ ഞാൻ പ്രേരിപ്പിക്കപ്പെട്ടു-ഫയാസ് പറഞ്ഞു.
സിഗ്മ-വൺ ക്യാപിറ്റലിൽ നിക്ഷേപിച്ച് 230,000 ഡോളർ (8,44,777 ദിർഹം) നഷ്ടപ്പെട്ട ഒരു നിക്ഷേപകൻ പറഞ്ഞത് ഇങ്ങിനെയാണ്. കമ്പനി തന്റെ മാതൃഭാഷയായ കന്നടയിൽ സംസാരിക്കുന്ന ഒരു റിലേഷൻഷിപ് മാനേജരെ നൽകി, അവിശ്വസനീയമായ ലാഭം വാഗ്ദാനം ചെയ്തിരുന്നു. “പ്ലാറ്റ്ഫോം ആദ്യം ചെറിയ ലാഭം കാണിച്ചു, ഞാൻ കുറച്ച് പണം പിൻവലിച്ചു—വിശ്വാസം വളർത്താൻ അത് പര്യാപ്തമായിരുന്നു. പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അവർ തടഞ്ഞു. കൂടുതൽ നിക്ഷേപം നടത്താൻ ആവശ്യപ്പെട്ടു. സാഹചര്യം വഷളായപ്പോൾ കൂടുതൽ നിക്ഷേപിക്കാൻ മാനേജർ നിരന്തരം പ്രേരിപ്പിച്ചു. അതിനിടെ ട്രേഡിംഗ് പ്ലാറ്റ്ഫോം അസാധാരണതകൾ പ്രദർശിപ്പിക്കാൻ തുടങ്ങി. ‘വീറ്റ്.സ്പോട്ട്’ പോലുള്ള അവ്യക്തമോ നിലവിലില്ലാത്തതോ ആയ ആസ്തികളിൽ ട്രേഡുകൾ കാണിച്ചു. ഇത് ഞാൻ വളരെ വൈകിയാണ് കണ്ടെത്തിയത്. നഷ്ടം വീണ്ടെടുക്കാനായി ഞാൻ ക്രെഡിറ്റ് കാർഡുകളും ബാങ്ക് ട്രാൻസ്ഫറുകളും എന്റെ ഭാര്യയുടെ സമ്പാദ്യം പോലും ഉപയോഗിച്ചു. കുറച്ചുകൂടി നിക്ഷേപിച്ചാൽ നേരത്തെ നിക്ഷേപിച്ച പണം തിരികെ ലഭിക്കുമെന്ന് അവർ പറഞ്ഞുവിശ്വസിപ്പിച്ചു. “ഓരോ നിക്ഷേപവും അവസാനത്തേതായിരിക്കുമെന്ന് കരുതിയെന്നും എന്നാൽ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ദിവസവും കടം വാങ്ങിയവരിൽനിന്നുള്ള ഫോൺ വിളികളാണ്.
അതിവേഗമാണ് ഇവിടെയുള്ള ഓഫീസ് ഒഴിഞ്ഞതെന്നും താക്കോലുകളെല്ലാം തിരികെ നൽകിയെന്നും കാപിറ്റൽ ഗോൾഡൻ ടവറിലെ സുരക്ഷാ ജീവനക്കാർ പറഞ്ഞു. “ഇപ്പോൾ ദിവസവും ആളുകൾ അവരെക്കുറിച്ച് ചോദിക്കാൻ വരികയാണെന്നും ജീവനക്കാർ പറയുന്നു.