ദുബൈ– ഇന്ത്യയുടെ ആദ്യ വനിതാ റേസിംഗ് താരമായ ഡയാന പുണ്ടോളെ യുഎഇയിൽ നടക്കുന്ന ഫെറാറി ക്ലബ് ചലഞ്ചിൽ പങ്കെടുക്കും. യാസ് മറീന സർക്യൂട്ടിൽ 270 കിലോമീറ്റർ വേഗതയിൽ ഫെറാറി പരിശീലനം നേടിയ ഡയാന അബുദാബി, ബഹ്റൈൻ, ഖത്തർ, സൗദി അറേബ്യ, ദുബൈ എന്നിവിടങ്ങളിൽ നടക്കുന്ന റേസിംഗിൽ മാറ്റുരയ്ക്കും. സെപ്തംബർ ആദ്യത്തിലായിരിക്കും മത്സരം എന്നാണ് റിപ്പോർട്ട്.
‘ ഇത് എന്റെ ജീവിതത്തിലെ പുതിയൊരു അധ്യായമായിരിക്കും ‘ ഡയാന പുണ്ടോളെ പറഞ്ഞു. ആഗസ്ത് 15ന് ദുബൈ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷനൽ കൗൺസിലിന്റെ (ഐബിപിസി) സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അവർ. അന്താരാഷ്ട്ര നിലവാരമുള്ള ഇവിടുത്തെ ട്രാക്കുകളിൽ വേഗത കൂടുതലാണ്. മത്സരിക്കാൻ കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടിക്കാലത്ത് പിതാവിന്റെ കൂടെ ഫോർമുല മത്സരങ്ങൽ കാണാറുണ്ടായിരുന്നു. അങ്ങനെയാണ് റേസിംഗിലേക്ക് എത്തിച്ചേർന്നത്.
2023ൽ ലിംഗബേധമില്ലാതെ നടത്തുന്ന റേസിങ് മത്സരത്തിൽ ജയിച്ച ആദ്യത്തെ ഇന്ത്യൻ വനിതയായി ഡയാന യാത്ര ആരംഭിച്ചു. റേസിങ്ങിൽ ആൺ, പെൺ കാറ്റഗറി ആവശ്യമില്ലെന്നും മത്സരം കഴിവ് മാനദണ്ഡമാക്കിയാണെന്നും അവർ അഭിപ്രായപ്പെട്ടു. 2024ലെ നാഷണൽ സലൂൺ കാർ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യത്തെ വനിതയും ഡയാനയാണ്.