റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ ഖൈമയില്‍ ചെറുവിമാനം തകര്‍ന്ന് വീണു അപകടത്തില്‍ മരിച്ച രണ്ടു പേരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജനായ യുവ ഡോക്ടര്‍. യുഎഇയില്‍ ജനിച്ചു വളര്‍ന്ന, ബ്രിട്ടനില്‍ ഡോക്ടറായി സേവനം ചെയ്യുന്ന സുലൈമാന്‍ അല്‍ മാജിദാണ് വിമാനത്തിന്റെ പൈലറ്റായിരുന്ന 26-കാരി പാക്കിസ്ഥാനി യുവതിക്കൊപ്പം കൊല്ലപ്പെട്ടത്. കോപൈലറ്റായിരുന്നു സുലൈമാന്‍. കുടുംബത്തിനൊപ്പം വിനോദ പറക്കലിന് വാടകയ്‌ക്കെടുത്തതായിരുന്നു ചെറുവിമാനം. അപകടം നടക്കുമ്പോള്‍ സുലൈമാന്റെ മാതാപിതാക്കളും സഹോദരനു അല്‍ ജസീറ ഏവിയേഷന്‍ ക്ലബില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. സഹോദരന്‍ അടുത്ത പറക്കലിനായി ഒരുങ്ങിയിരിക്കുകയായിരുന്നു.
ജസീറ ഏവിയേഷന്‍ ക്ലബില്‍ നിന്ന് പറന്നുയര്‍ന്ന് ഏറെ വൈകാതെ തന്നെ റാസല്‍ ഖൈമ തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കോവ് റൊട്ടാന ഹോട്ടലിനു സമീപം തകര്‍ന്നു വീണത്. വ്യാഴാഴ്ചയായിരുന്നു അപകടം. ബ്രിട്ടനിലെ കൗണ്ടി ഡുറാം, ഡാര്‍ലിംഗ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റ് എന്നിവിടങ്ങളില്‍ ഡോക്ടറായ സേവനം ചെയ്തു വരികയായിരുന്നു സുലൈമാന്‍. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ നോര്‍ത്തേണ്‍ റെഡിഡന്റ് ഡോക്ടേഴ്‌സ് കമ്മിറ്റി ഉപാധ്യക്ഷനായും സേവനം ചെയ്തിട്ടുണ്ട്.