ഫുജൈറ- ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ നാല് ട്രക്കുകള്‍ മറിഞ്ഞതിനെ തുടര്‍ന്ന്, ഫുജൈറയിലേക്കുള്ള ഹൈവേ അധികൃതര്‍ അടച്ചു. അപകടത്തെ കുറിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി അധികൃതര്‍ അടിയന്തര മൊബൈല്‍ സന്ദേശങ്ങളും അയച്ചു. അല്ഫര്ഫാര് പാലം മുതല്‍ ഫുജൈറയിലേക്കുള്ള ഭാഗം അടച്ചതായും, എമിറേറ്റിലേക്ക് വരുന്ന എല്ലാ വാഹനങ്ങളെയും ഇത് ബാധിക്കുമെന്നും ഫുജൈറ പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് അറിയിച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ നാല് ട്രക്കുകള്‍ മറിഞ്ഞതിനെ തുടര്‍ന്നാണ് എമിറേറ്റിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

അടിയന്തര നടപടിയുടെ ഭാഗമായി, ശ്രദ്ധിക്കുക: മുന്നില്‍ വാഹനാപകടം നടന്നിരിക്കുന്നു എന്ന മുന്നറിയിപ്പ് അടങ്ങിയ സന്ദേശങ്ങള്‍ അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ വാഹനമോടിക്കുന്നവരുടെ മൊബൈല്‍ ഫോണുകളിലേക്ക് ഫുജൈറ പോലീസ് അയച്ചു. അപകടം നടന്ന ഭാഗത്തേക്ക് എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും, മുന്‍കരുതലുകള്‍ എടുക്കാന്‍ അവരെ പ്രേരിപ്പിക്കാനുമാണ് ഈ സന്ദേശങ്ങള്‍ അയച്ചത്.
അടച്ചിട്ട റോഡ് ഒഴിവാക്കി ഫുജൈറയില്‍ എത്താനായി, നാല് ബദല്‍ പാതകള്‍ പോലീസ് നിര്‍ദ്ദേശിച്ചു. ഇതില്‍ ആദ്യ മാര്‍ഗം അല്ഫര്ഫാര് എക്സിറ്റിലൂടെ പുറത്തുകടന്ന്, അല്‍ ഫര്‍ഫാര്‍ പ്രദേശം വഴി സഞ്ചരിച്ച്, ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡിലൂടെ സിറ്റി സെന്റര്‍ ഫുജൈറയിലേക്ക് പോകലാണ്. മലീഹ – അല്‍ ദൈദ് റോഡ്, മലീഹ – കല്‍ബ റോഡ്, ഷാര്‍ജ – ഖോര്ഫക്കാന് റോഡ് എന്നിവയാണ് മറ്റ് മൂന്ന് ബദല്‍ പാതകള്‍.



