ദുബായ്: ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 53.1 ലക്ഷം സഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം അറിയിച്ചു. 2024-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ മൂന്ന് ശതമാനം വാർഷിക വർധനവ് രേഖപ്പെടുത്തി. ഏപ്രിൽ 28 മുതൽ മേയ് ഒന്ന് വരെ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന് മുന്നോടിയായാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്.
ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത് പടിഞ്ഞാറൻ യൂറോപ്പിൽ നിന്നാണ്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ, പടിഞ്ഞാറൻ യൂറോപ്പ് മേഖലയിൽ നിന്നും 11.5 ലക്ഷം സന്ദർശകരെത്തി. മൊത്തം സന്ദർശകരുടെ 22 ശതമാനം വരുമിത്. കോമൺവെൽത്ത് രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. 8.91 ലക്ഷം (17 ശതമാനം) സന്ദർശകർ ഈ രാജ്യങ്ങളിൽ നിന്നെത്തിയ. കിഴക്കൻ യൂറോപ്പിൽ നിന്ന് 7.72 ലക്ഷം പേരും (15 ശതമാനം) ദുബായ് കാണാനെത്തി.
ദക്ഷിണേഷ്യ (7.52 ലക്ഷം-14 ശതമാനം), മിഡിൽ ഈസ്റ്റ് ആന്റ് നോർത്ത് ആഫ്രിക്ക (6.20 ലക്ഷം-12 ശതമാനം) വടക്കുകിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ (4.74 ലക്ഷം സന്ദർശകരെ- 9 ശതമാനം) അമേരിക്ക (3.74 ലക്ഷം – 7 ശതമാനം), ആഫ്രിക്ക (1.97 ലക്ഷം – 4 ശതമാനം), ഓസ്‌ട്രേലിയ (78,000 – ഒരു ശതമാനം) എന്നിവിടങ്ങളിൽ നിന്നാണ് ബാക്കിയുള്ള സന്ദർശകർ.
ടൂറിസവും ഹോസ്പിറ്റാലിറ്റിയും ദുബൈയുടെ മൊത്തം ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചയുടെ പ്രധാന ഘടകങ്ങളാണ്. 2024ന്റെ ആദ്യ ഒൻപത് മാസങ്ങളിൽ താമസസൗകര്യ, ഭക്ഷണ സേവന മേഖല 3.7 ശതമാനം വളർച്ച രേഖപ്പെടുത്തി മൂല്യം 1,150 കോടി ദിർഹമിലെത്തി. ഈ മേഖലകൾ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. 2024ൽ തുടർച്ചയായ നാലാം വർഷവും ഗ്രീൻഫീൽഡ് വിദേശ നിക്ഷേപ പദ്ധതികൾ ആകർഷിക്കുന്നതിൽ ലോകത്ത് ഒന്നാം സ്ഥാനം ദുബൈ നേടിയിരുന്നു.