ദുബായ്: റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വാഹന നമ്പർ ലേലത്തിലൂടെ 10 കോടി ദിർഹം നേടി. കഴിഞ്ഞ ദിവസം നടന്ന 118ാമത് ഓപൺ ലേലത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണ് ആർടിഎ നേടിയത്. CC 22 എന്ന നമ്പർ 83.5 ലക്ഷം ദിർഹമിനാണ് ലേലം ചെയ്തത്. BB 20 എന്ന നമ്പർ 75.2 ലക്ഷം ദിർഹമിനും, BB 19 എന്ന നമ്പർ 66.8 ലക്ഷം ദിർഹമിനു വിറ്റുപോയി. AA 707 (33.1 ലക്ഷം ദിർഹം), AA 222 (33 ലക്ഷം ദിർഹം) എന്നിവയും ഉയർന്ന തുകയ്ക്ക് വിറ്റു പോയ നമ്പറുകളിൽ ഉൾപ്പെടും.
ലേലത്തിനു വച്ച നമ്പർ പ്ലേറ്റുകളുടെ ആകെ അടിസ്ഥാന മൂല്യം 1.65 കോടി ദിർഹം ആയാണ് നിശ്ചയിച്ചിരുന്നത്. ഈ തുകയുടെ ആറ് മടങ്ങാണ് അധികമായി ആർടിഎക്ക് ലഭിച്ചത്. 14 വ്യത്യസ്ത കോഡുകളിലുള്ള രണ്ട് മുതൽ അഞ്ചക്ക കോമ്പിനേഷനുകളിലായി 90 പ്രീമിയം നമ്പർ പ്ലേറ്റുകലാണ് ലേലത്തിന് വച്ചിരുന്നത്.
ട്രാഫിക് ഫയൽ കൈവശമുള്ളവർക്ക് 25,000 ദിർഹമിന്‍റെ ചെക്കും 120 ദിർഹം രജിസ്ട്രേഷൻ ഫീസും സമർപ്പിച്ചാൽ ലേലത്തിൽ പങ്കെടുക്കാം. ആർടിഎ വെബ്‌സൈറ്റ് മുഖേനയോ, മൊബൈൽ ആപ്പ് വഴിയോ അല്ലെങ്കിൽ ഉമ്മു റമൂൽ, ദേര, അൽ ബർഷ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാം.