വലിയ പ്രതീക്ഷകളും, സ്വപ്‌നങ്ങളുമായ് ദുബായിലേക്ക് വരുന്ന പ്രവാസികളുടെ ആദ്യത്തെ ലക്ഷ്യം തങ്ങള്‍ക്ക് താങ്ങാവുന്ന വിലയിലുള്ള ഒരു താമസ സ്ഥലം കണ്ടെത്തുകയെന്നതാണ്. ഇതിന് വേണ്ടി ശ്രമിക്കുന്നതിനിടയില്‍ പല തരത്തിലുള്ള തട്ടിപ്പിനിരയാവുകയാണിവര്‍.
സാമൂഹിക മാധ്യമാങ്ങളായ ഫേസ്ബുക്ക്, ലിസ്റ്റിംഗ് വെബ്‌സൈറ്റുകളായ ഡുബിസില്‍,മറ്റു പ്ലാറ്റ്‌ഫോമുകളും മുഖേനെയാണ് ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
യു.എ.ഇയിലെ അതിവേഗ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ലിസ്റ്റിംഗുകള്‍ പെട്ടെന്ന് വന്നു പോകുന്നതിനാല്‍, താങ്ങാവുന്ന വിലയില്‍ മുറിയോ, വീടോ അന്വേഷിക്കുന്ന തത്രപ്പാടില്‍ പ്രവാസികളെ കെണിയില്‍പ്പെടുത്തുകയാണ് ഇത്തരം തട്ടിപ്പ് സംഘം.
അത്തരമൊരിരയാണ് ഇന്ത്യയില്‍ നിന്നുള്ള ഡെന്റല്‍ അസിസ്റ്റന്റായ വി.എസ്. അടുത്തിടെ ജോലിയാവശ്യം ദുബായിലേക്ക് താമസം മാറിയ ഇവര്‍ താങ്ങാവുന്നതും,തന്റെ ജോലി സ്ഥലത്തിന്നടുത്തായ ബുര്‍ജുമാന്‍ മാളിന് സമീപം ഒരു താമസ സൗകര്യം ഫേസ്ബുക്ക് മാര്‍ക്കറ്റില്‍ കാണുകയും ബന്ധപ്പെടുകയും ചെയ്തു.ബുക്കിങ്ങിനായി 500 ദിര്‍ഹം ആവശ്യപ്പെട്ട ഏജന്റ്, പെട്ടെന്നു തന്നെ പണമടച്ചില്ലെങ്കില്‍ ഇത് നഷ്ട്ടപ്പെടുമെന്നും,ഈ ലിസ്റ്റിംഗുകള്‍ സാധാരണയായി ആദ്യം വന്ന് പണമടയ്ക്കുന്നവര്‍ക്കാണ് ലഭിക്കുകയെന്നും വിശദീകരിച്ചു.ഇത് വിശ്വസിച്ച് പണമയച്ചതിനു ശേഷം ഏജന്റ് അപ്രത്യക്ഷനാവുകയായിരുന്നു.
ഇത് വിഎസ്സിന്റെ മാത്രം കഥയല്ല.ടുണീഷ്യന്‍ പ്രവാസിയായ ഇരുപത്തെട്ടുകാരി നൂറയ്ക്കും സമാനമായ അനുഭവമുണ്ട്. പക്ഷേ ഇവര്‍ ഒന്നല്ല, രണ്ടു പ്രാവശ്യം കബളിക്കപ്പെട്ടു എന്നതാണ് കൗതുകം. ബര്‍ഷയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ വിവരങ്ങള്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ കാണുകയും ബന്ധപ്പെടുകയും ചെയ്യുകയും, ബുക്കിംഗിനായി 500 ദിര്‍ഹം ആവശ്യപ്പെട്ട ഏജന്റുമായി വിലപേശി 300 ദിര്‍ഹത്തിലേക്കെത്തിച്ച് പണമടയ്ക്കുകയുമുണ്ടായി. പണമടച്ചതിനു ശേഷം ഏജന്റ് ഇവരെ ബ്ലോക്ക് ചെയ്യുകയും,പിന്നീട് അയാളെ ബന്ധപ്പെടാനോ, പണം തിരികെ ലഭിക്കുകയോ ചെയ്തില്ല.
രണ്ടാമത്തെ തവണ, ദുബായ് മറീനയില്‍ സ്ഥിതി ചെയ്യുന്ന, മെട്രോയിലേക്കും, ട്രാമിലേക്കും എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന ഒരു അപ്പാര്‍ട്ട്‌മെന്റ് മറ്റൊരു ലിസ്റ്റിംഗില്‍ കാണുകയും,ഇതിന്റെ ചിത്രങ്ങളും,വീഡിയോകളും കണ്ട് വിശ്വസിച്ച് ബന്ധപ്പെടുകയും 1000 ദിര്‍ഹം ഏജന്റിന് ബുക്കിങ്ങിനായി നല്‍കുകയും ചെയ്തു.പിന്നീട് അയാളുടെ ഒരു വിവരവുമില്ലായെന്നറിയുകയും വീണ്ടും താന്‍ പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുകയും ചെയ്തു.
ലിസ് റാമോസ് എന്ന ഫിലിപ്പീന്‍ സ്വദേശി ഇത്തരമൊരു കെണിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി ഖലീജ് ടൈംസിനോട് പറയുകയുണ്ടായി. കഴിഞ്ഞ ഏപ്രിലില്‍ ഒരു താമസ സ്ഥലം അന്വേഷിക്കുകയും, ലിസ്റ്റിംഗില്‍ പ്രത്യക്ഷത്തില്‍ മാന്യമായൊരു ഇടപാട് കാണുകയും, ബന്ധപ്പെട്ടപ്പോള്‍ ഉടമസ്ഥന്‍ ഇപ്പോള്‍ യു.കെയിലാണ് താമസമെന്നും, അവരുടെ അപ്പാര്‍ട്ട്‌മെന്റിലെ രണ്ട് കിടപ്പു മുറികളില്‍ ഒന്ന് വാടകയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു. താമസസ്ഥലം നേരിട്ട് കാണണമെന്ന് ലിസ് ആവശ്യപ്പെട്ടപ്പോള്‍, ഉടമസ്ഥന്‍ വീഡിയോ ടൂര്‍ നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തത്. അവര്‍ വിദേശത്താണെന്നും താക്കോല്‍ തന്റെ കൈവശമാണുള്ളതെന്നും പറഞ്ഞുക്കൊണ്ടിരുന്നു. മുറിയുടെ വീഡിയോകള്‍ അയക്കാമെന്നും, പെട്ടെന്നു തന്നെ പണമിടപാട് പൂര്‍ത്തിയാക്കൂ എന്നായിരുന്നു നിര്‍ദേശം. പക്ഷേ താങ്കള്‍ വിദേശത്താണെന്നും താങ്കളുടെ കൈവശമാണ് താക്കോലെങ്കില്‍ ഞാന്‍ അവിടെ എങ്ങനെ താമസിക്കുമെന്ന് ഉടമസ്ഥനോട് ലിസ് ചോദിച്ചു. ഇതെല്ലാം സംശയാസ്പദമായി തോന്നിയ ലിസ് താന്‍ പറ്റിക്കപ്പെടുകയാണെന്ന് മനസ്സിലാക്കി ഇടപാടില്‍ നിന്ന് പിന്മാറുകയായിരുന്നു.
പ്രലോഭിപ്പിച്ച് വഞ്ചിക്കുന്ന തന്ത്രം
ജീവിതത്തില്‍ ശുഭ പ്രതീക്ഷയോടെ ഗള്‍ഫിലേക്ക് കടന്നു വരുന്ന പ്രവാസികളുടെ ചോരയൂറ്റി കുടിക്കുകയാണ് ഇത്തരം തട്ടിപ്പ് സംഘംങ്ങള്‍. പ്രലോഭനങ്ങളിലൂടെയും സഹായിക്കാനെന്ന വ്യാജേനെയും ആളുകളെ സമീപിച്ച് പണം തട്ടുന്നത് ഒരു തുടര്‍ക്കഥയായ് നടന്നുക്കൊണ്ടിരിക്കുകയാണ് ഗള്‍ഫ് നാടുകളില്‍. 2024 ജൂലൈയില്‍ ജോലിയാവശ്യം ദുബായിലേക്ക് താമസം മാറിയ 26കാരിയായ ഇന്ത്യന്‍ സ്വദേശിനി കാര്‍ത്തികയ്ക്കുമുണ്ട് ഇത്തരമൊരനുഭവം. ശയ്ക് സായ്ദ് റോഡിലെ തന്റെ ഓഫീസിനടുത്ത് രണ്ട് കിടപ്പുമുറികളോടു കൂടിയ ഷെയറിംഗ് അപ്പാര്‍ട്ട്‌മെന്റ് ലിസ്റ്റിംഗ് വെബ്‌സൈറ്റായ ഡുബിസിലില്‍ കാണുകയും, ഫ്‌ലാറ്റ് നേരിട്ട് കണ്ടപ്പോള്‍ നല്ല സുരക്ഷിതത്വവും, സന്തോഷവും തോന്നിയ കാര്‍ത്തിക ഏജന്റുമായ് സംസാരിക്കുകയും,കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ നിങ്ങള്‍ക്ക് ഒരു ആക്‌സസ് കാര്‍ഡ് ആവശ്യമാണെന്നും,താമസം മാറിയാല്‍ അത് നല്‍കാമെന്നും ഉറപ്പ് നല്‍കുകയും ചെയ്തു. 1000 ദിര്‍ഹം ഡെപ്പോസിറ്റായ് നല്‍കി അവര്‍ അങ്ങോട്ടേക്ക് മാറിയപ്പോള്‍ കണ്ട കാഴ്ച്ച അവരെ അത്ഭുതപ്പെടുത്തി. അപ്പാര്‍ട്ട്‌മെന്റില്‍ ഇതിനോടകം ആറ് സ്ത്രീകള്‍ താമസിക്കുന്നതായും,ഓരോ കിടപ്പുമുറിയിലും രണ്ടു പേരും ഒരു പാര്‍ട്ടീഷന്‍ ചെയ്ത ഹാളില്‍ മൂന്ന് പേരുമുള്ളതായി അവര്‍ മനസ്സിലാക്കി. കിടപ്പുമുറിയിലെ സ്ത്രീകള്‍ക്ക് 2,200 ദിര്‍ഹം വീതം നല്‍കേണ്ടി വന്നെന്നും, മറ്റു രണ്ടു സ്ത്രീകള്‍ക്കും, തനിക്കും 1800 ദിര്‍ഹം വീതം നല്‍കേണ്ടതായിട്ടാണ് ഏജന്റ് ആവശ്യപ്പെട്ടത്. പക്ഷേ നല്ലൊരു ജീവിതമല്ലായിരുന്നു അവര്‍ക്ക് പിന്നീട് നേരിടേണ്ടി വന്നത്. ആളുകള്‍ തിങ്ങി പാര്‍ക്കുന്നത് മൂലം വളരെ കഷ്ട്ടപ്പെട്ടാണ് കഴിയേണ്ടി വന്നതെന്ന് അവര്‍ പറയുന്നു. ചില സമയങ്ങളില്‍ ഉറങ്ങാന്‍ വേണ്ടി മാത്രം മറ്റുള്ളവര്‍ ജോലിക്ക് പോകുന്നതു വരെ കാത്തിരിക്കുകയും, അത് വരെ ലോബിയില്‍ ഇരിക്കേണ്ടി വന്നതായും അവര്‍ വിവരിക്കുന്നു. താമസിയാതെ സ്ഥിതി വളരെ പ്രയാസത്തിലാവുകയും ചെയ്തു. അവിടെ താമസിക്കുന്ന ഓരോരുത്തരും ഇതേ പ്രശ്ണങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അവരൊക്കെയും തന്നെ ഇതേ രീതിയില്‍ പറ്റിക്കപ്പെട്ടതാണെന്നും കാര്‍ത്തിക തിരിച്ചറിഞ്ഞു. പിന്നീട് അപ്പാര്‍ട്ട്‌മെന്റിലെ അമിത തിരക്ക് പുറത്ത് ശ്രദ്ധിക്കാതിരിക്കാന്‍ വേണ്ടി ഒരേ സമയം പുറത്ത് പോകുന്നതും, അനാവശ്യമായി് പുറത്തേക്കിറങ്ങരുതെന്നും, ഭക്ഷണവും,പലചരക്ക് സാധനങ്ങളും അപ്പാര്‍ട്ട്‌മെന്റിലേക്ക് ഓര്‍ഡര്‍ ചെയ്യാനും ഏജന്റ് നിര്‍ദേശിച്ചു.
ഉടനെ തന്നെ താന്‍ സ്ഥലം മാറി. മുന്‍കൂറായി നല്‍കിയ പണം ആവശ്യപ്പെട്ടപ്പോള്‍ മറുപടിയൊന്നും ലഭിച്ചില്ല. പിന്നീട് ഇതേ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന മറ്റു സ്ത്രീകളെ പാതിരാത്രി യാതൊരു കാരണവും കൂടാതെ ഒഴിയാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നും തനിക്ക് അറിയാന്‍ സാധിച്ചതായി് കാര്‍ത്തിക ഖലീജ് ടൈംസിനോട് വിവരിച്ചു
ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും, ഡുബിസില്‍ പോലുള്ള ലിസ്റ്റിംഗ് വെബ്‌സൈറ്റുകളും ഇത്തരം തട്ടിപ്പുകളുടെ പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എ.ഇ അധൃകതര്‍ അറിയിച്ചു. ബജറ്റ് ഫ്രണ്ട്‌ലി ഭവനങ്ങള്‍ തിരയുന്ന താമസക്കാരെ ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ വാടക പരസ്യങ്ങള്‍ പോസ്റ്റ് ചെയ്ത ഒരു വ്യാജ ഏജന്റിനെ ദുബായ് പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാനും സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും അധികാരികള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.