ദുബായ്: സന്ദർശകവിസ ഓവർസ്റ്റേയുമായി (അനുവദനീയമായതിൽ കൂടുതൽ ദിവസങ്ങൾ താമസിക്കൽ) ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) അധികൃതർ വ്യക്തമാക്കി.
നിശ്ചിത വിസാകാലയളവിനേക്കാൾ അഞ്ചുദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങുന്നവരെ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും ആജീവനാന്ത വിലക്കോടെ നാടുകടത്തുമെന്നുമായിരുന്നു പ്രചാരണം. ജി.ഡി.ആർ.എഫ്.എ.യുടെപേരിൽ വ്യാജവാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണം നൽകിയത്.
ഇത്തരം വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുത്. വാർത്തകൾക്ക് ഔദ്യോഗിക സ്രോതസുകളെമാത്രം ആശ്രയിക്കണം. സന്ദർശകവിസ ഓവർസ്റ്റേ ഉൾപ്പെടെ വിസ സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും ഓഫീസുമായോ ടോൾ ഫ്രീ നമ്പറിലോ (8005111) ബന്ധപ്പെടണമെന്നും ജി.ഡി.ആർ.എഫ്.എ. അധികൃതർ അഭ്യർഥിച്ചു.