ദുബായ്– പ്രാദേശികമായ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി താൽക്കാലികമായി അടച്ചിട്ടിരുന്ന ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു. ഒന്നര മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് ദുബായിലെ ഏറ്റവും പ്രിയപ്പെട്ട ഈ വിനോദസഞ്ചാര കേന്ദ്രം തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതൽ മുപ്പതാം സീസൺ സന്ദർശകരെ വരവേറ്റത്. ഫെബ്രുവരി അവസാന വാരത്തോടെയാണ് ഗ്ലോബൽ വില്ലേജ് അടച്ചുപൂട്ടിയിരുന്നു. മേഖലയിലുണ്ടായ ചില സംഘർഷാവസ്ഥകളും സുരക്ഷാ മുൻകരുതലുകളും കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. സന്ദർശകരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് അധികൃതർ അന്ന് വ്യക്തമാക്കിയിരുന്നു. ഏഴ് ആഴ്ചകൾക്ക് ശേഷം സാഹചര്യങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് വിലയിരുത്തിയ ശേഷമാണ് ഇപ്പോൾ വീണ്ടും തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. “ഞങ്ങളും നിങ്ങളെ ഒരുപാട് മിസ്സ് ചെയ്തു” എന്ന വികാരാധീനമായ കുറിപ്പോടെയാണ് ഗ്ലോബൽ വില്ലേജ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ തിരിച്ചുവരവ് അറിയിച്ചിരുന്നത്.
ഈ സീസൺ എത്രകാലം നീണ്ടുനിൽക്കും എന്നതായിരുന്നു സന്ദർശകരുടെ പ്രധാന സംശയം. നിലവിലെ അറിയിപ്പ് പ്രകാരം 2026 മെയ് 10 ഞായറാഴ്ച ഈ സീസൺ അവസാനിക്കും. അതായത്, മൂന്നാഴ്ചത്തെ സമയം മാത്രമാണ് സന്ദർശകർക്ക് ഇനി മുന്നിലുള്ളത്. വേനൽക്കാലം കടുക്കുന്നതിന് മുൻപ് ഗ്ലോബൽ വില്ലേജിലെ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം പ്രയോജനപ്പെടുത്താം. സീസൺ നീട്ടുന്നതിനെക്കുറിച്ച് നിലവിൽ സൂചനകളൊന്നുമില്ല.
പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണി മുതൽ അർദ്ധരാത്രി 12 വരെയും അവധി ദിവസങ്ങളിൽ വൈകീട്ട് 5 മുതൽ പുലർച്ചെ 1 വരെയും
ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും. ചൊവ്വാഴ്ച ദിവസങ്ങൾ സ്ത്രീകൾക്കും കുടുംബങ്ങൾക്കുമായി മാത്രമായി മാറ്റിവെച്ചിരിക്കുകയാണ്. ടിക്കറ്റുകൾ ഗ്ലോബൽ വില്ലേജ് ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഓൺലൈനായി ബുക്ക് ചെയ്യുന്നതാണ് എളുപ്പം. ഓൺലൈൻ ബുക്കിംഗിലൂടെ ടിക്കറ്റ് നിരക്കിൽ ചെറിയ ഇളവുകൾ ലഭിക്കാനും സാധ്യതയുണ്ട്. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് പ്രവൃത്തിദിവസങ്ങളിൽ 25 ദിർഹവും ആഴ്ചാവസാനങ്ങളിൽ 30 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്.മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്.



