ദുബായ്– ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്‍റെ ഈ സീസൺ മെയ് 31 വരെ നീട്ടി. നേരത്തെ മെയ് 10-ന് സീസൺ അവസാനിക്കുമെന്നാണ് അറിയിച്ചിരുന്നത്. സന്ദർശകരുടെ തിരക്കും ബലിപെരുന്നാൾ ആഘോഷങ്ങളും പരിഗണിച്ച് മൂന്നാഴ്ച കൂടി നീട്ടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. വേനൽ അവധിക്കു ശേഷം ഒക്ടോബറിലായിരിക്കും അടുത്ത സീസൺ ആരംഭിക്കുക. ഈ സീസണിൽ ടൊറന്‍റോ ടൊർണാഡോ, കേപ് ഗിൽഡേഴ്സ്, റിയോ റോക്കറ്റ്,ഡെസേർട് ഡാഷേർസ്, യോർക്ക് ബൈക്കേഴ്‌സ് എന്നീ അഞ്ച് പുതിയ റൈഡുകളാണ് ഉൾപ്പെടുത്തിയിട്ടുണ്ട് കൂടാതെ കുട്ടികൾക്കായി പ്രത്യേകം തയാറാക്കിയ ഇൻഡോർ പ്ലേ ഏരിയയും സജീവമാണ്.
കാർണിവലിലെ എല്ലാ റൈഡുകളിലും പരിധിയില്ലാതെ കയറാൻ സാധിക്കുന്ന ‘വണ്ടർ പാസ്’ വെറും 99 ദിർഹത്തിന് ലഭ്യമാണ്. ഓൺലൈനായും നേരിട്ടും ഈ പാസ് വാങ്ങാം. ഞായർ മുതൽ വ്യാഴം വരെ ഒരു ടിക്കറ്റിന്‍റെ വിലയിൽ (30 ദിർഹം) കുടുംബത്തിലെ നാല് പേർക്ക് പ്രവേശനം നൽകുന്ന പ്രത്യേക ഫാമിലി ഓഫറും നിലവിലുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 1 മണി വരെയും ഞായർ മുതൽ വ്യാഴം വരെ വൈകുന്നേരം 5 മണി മുതൽ അർദ്ധരാത്രി 12 മണി വരെയുമാണ് പ്രവർത്തന സമയം.



