ദുബായ്: കൈയ്യില്‍ കെട്ടിയ സ്വന്തം റോളക്‌സ് വാച്ചിന്റെ പേരില്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ അപമാനിതനാകുകയും ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും ദുബായിലെ ടെക്‌സ്റ്റൈല്‍ കിങ് എന്നറിയപ്പെടുന്ന പ്രമുഖ ഇന്ത്യന്‍ വ്യവസായി വാസു ഷ്‌റോഫ്. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ അടക്കമുള്ള പ്രമുഖരെ കാണാനും ക്ഷേത്ര സന്ദര്‍ശനത്തിനുമായി രണ്ടാഴ്ച മുമ്പ് ഇന്ത്യയിലേക്ക് പോയപ്പോഴാണ് ഈ ദുരനുഭവമുണ്ടായതെന്ന് 85കാരനായ ഷ്‌റോഫ് പറഞ്ഞു. ബിസിനസ് രംഗത്തും സാമുഹ്യ സേവന രംഗത്തും പേരെടുത്ത അദ്ദേഹത്തോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുകയും മണിക്കൂറുകളോളം തടഞ്ഞുവച്ചെന്നുമാണ് ആക്ഷേപം.
ഏപ്രില്‍ 12ന് വൈകീട്ട് 7.30നാണ് വാസു ഷ്‌റോഫ് ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. വീല്‍ചെയറില്‍ യാത്ര ചെയ്യുന്ന അദ്ദേഹത്തെ ഒരു സഹായി പുറത്തെത്തിക്കുന്നതിനിടെയാണ് ഒരു ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ തടഞ്ഞു നിര്‍ത്തി പാസ്‌പോര്‍ട്ട് ചോദിച്ചത്. തുടര്‍ന്ന് കയ്യില്‍ റോളക്‌സ് വാച്ച് കണ്ടപ്പോള്‍ രേഖ സമര്‍പ്പിക്കാതെ വാച്ച് പുറത്തേക്ക് കൊണ്ടു പോകാനാകില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രേഖ സമര്‍പ്പിക്കാനുള്ള കൗണ്ടര്‍ തിരഞ്ഞെങ്കിലും അങ്ങനെ ഒരു സൗകര്യം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് വാസു ഷ്‌റോഫ് പറയുന്നു. ഒഫീസര്‍ ഒരു ചെറിയ ഡെസ്‌ക് മാത്രമാണ് ചൂണ്ടിക്കാണിച്ചത്. അവിടെ മതിയായ സംവിധാനങ്ങളുണ്ടായിരുന്നില്ല. തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെ സമയം തന്നെ അവിടെ വെയ്റ്റ് ചെയ്യിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു.
നികുതി അടുത്ത ദിവസം തന്നെ അടയ്ക്കാമെന്നും അര്‍ധരാത്രിക്കു മുമ്പ് തന്നെ 200 കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തിലെത്തണമെന്നതിനാല്‍ പുറത്തിറങ്ങാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. സമയം വൈകിപ്പിച്ചതിലല്ല, ഒരു കുറ്റവാളിയോടെന്ന പോലെ തന്നോട് ഉദ്യോഗസ്ഥര്‍ പെരുമാറിയതാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. ദുബായിലും ഗള്‍ഫ് രാജ്യങ്ങളിലെല്ലാം തന്നോട് നല്ലരീതിയിലാണ് പെരുമാറിയിട്ടുള്ളതെന്നും സ്വന്തം രാജ്യത്ത് ഒരു കുറ്റം ചെയ്ത പോലെയാണ് പെരുമാറിയത്. ഉദ്യോഗസ്ഥരോട് പൂര്‍ണമായും സഹകരിച്ചെങ്കിലും വാച്ചുമായി പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.
വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വാസു ഷ്‌റോഫിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നും വാച്ച് പിടിച്ചുവച്ചത് തെറ്റായ നടപടിയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ധര്‍മേന്ദ്ര സിങ് പറഞ്ഞു. തീരുവ അടച്ച ശേഷം മാത്രമെ വാച്ച് ദുബായിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ അനുവദിക്കൂവെന്നാണ് ഉദ്യോഗസ്ഥര്‍ ഷ്‌റോഫിനോട് പറഞ്ഞത്. ജയ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന് മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് ഈ സംഭവത്തിന് ഇടയാക്കിയതെന്നും ഉദ്യോഗസ്ഥരുടെ പെരുമാറ്റം തീര്‍ത്തും അസ്വീകാര്യമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ജയ്പൂര്‍ വിമാനത്താവളത്തില്‍ റെഡ് ചാനലും ഗ്രീന്‍ ചാനലും വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 14ന് തിരികെ ദുബായിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ഷ്‌റോഫിന്റെ സഹായി വാച്ച് തിരികെ ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ 10,000 രൂപ പണമായി അടക്കാനാണ് ആവശ്യപ്പെട്ടത്. ഇതും നിയമപ്രകാരമായിരുന്നില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. ലോക്കർ ഫീസ് ആയ വെറും 30 രൂപ മാത്രമെ അടക്കേണ്ടതുണ്ടായിരുന്നുള്ളൂ. പകരം അവർ ചോദിച്ച വലിയ തുക സംശയാസ്പദമാണെന്ന് അഭിഭാഷകൻ പറഞ്ഞു. 35 ലക്ഷം രൂപ വില വരുന്ന റോളക്‌സ് വാച്ചാണ് വാസു ഷ്‌റോഫിന്റേത്. ഇന്ത്യയിലെ കസ്റ്റംസ് നിയമ പ്രകാരം മതിയായ രേഖകള്‍ സമര്‍പ്പിക്കാതെ വിദേശത്ത് നിന്ന് കൊണ്ടുവരുന്ന ആഡംബര വസ്തുക്കള്‍ക്ക് 38 ശതമാനം തീരുവ അടക്കണം. ഈ കണക്കു പ്രകാരം ഈ വാച്ചിന് 13 ലക്ഷം രൂപയോളം തീരുവ വരും. എന്നാൽ ഉദ്യോഗസ്ഥര്‍ 10,000 രൂപ പണമായി ചോദിക്കുകയായിരുന്നു. ഇതും ഗൗരവ വിഷയമാണെന്ന് അഭിഭാഷകന്‍ പറയുന്നു. ഓടുവില്‍ വാച്ചില്ലാതെ ഷ്‌റോഫിനും സഹായിക്കും ദുബായിലേക്ക് മടങ്ങേണ്ടി വന്നു. ഇതിന്റെ പേരില്‍ അഞ്ചു മണിക്കൂറോളം സമയമാണ് പാഴാക്കിയതെന്ന് അദ്ദേഹം പറയുന്നു.
അടുത്ത ദിവസം ഈ വാച്ച് തിരിച്ചുകൊണ്ടു പോകാന്‍ വേണ്ടി മാത്രം തനിക്ക് ദുബായിലേക്ക് പോകേണ്ടി വന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. പതിറ്റാണ്ടുകളോളം ദുബായില്‍ ജീവിക്കുകയും ബിസിനസ് നടത്തുകയും ചെയ്തിട്ട് തനിക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല. പക്ഷെ സ്വന്തം നാട്ടില്‍ ഒരു തെറ്റുകാരനെ പോലെയാണ് തന്നോട് പെരുമാറിയത്. ഇതൊരു വേദനിപ്പിക്കുന്ന ഓര്‍മയാണെന്നും വാസു ഷ്‌റോഫ് പറഞ്ഞു.