അബുദാബി: ഈ ആഴ്ചത്തെ അബുദാബി ബിഗ് ടിക്കറ്റിൻ്റെ ഇ-ഡ്രോ നറുക്കെടുപ്പിൽ മൂന്ന് ദുബായ് നിവാസികളും ഖത്തറിൽ നിന്നുള്ള ഒരു മലയാളി യുവതിയും വിജയികളായി. ഓരോരുത്തർക്കും 50,000 ദിർഹം ക്യാഷ് പ്രൈസ് ലഭിക്കും.
ദുബായിൽ താമസിക്കുന്ന ജോർദാൻ സ്വദേശിയായ ടാമർ അബ്വിനിയും റാസൽഖൈമയിൽ നിന്നുള്ള 39 കാരനായ അംറാൻ ഹൈദറും ദുബായിൽ നിന്നു തന്നെയുള്ള 29കാരനായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷീദുമാണ് ഖത്തറിൽ നിന്നുളള മലയാളിയായ ഫസീല നിഷാദിനൊപ്പമുള്ള മറ്റ് വിജയികൾ.
കുടുംബത്തോടൊപ്പം ഖത്തറിൽ താമസിക്കുന്ന ഫസീല നിഷാദ് ഖത്തറിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലിചെയ്ത് വരികയാണ്.
കഴിഞ്ഞ അഞ്ച് വർഷമായി ഭർത്താവിനൊപ്പം ടിക്കറ്റ് വാങ്ങാറുണ്ടെന്ന് ഫസീല പറഞ്ഞു. “അഞ്ച് വർഷം മുമ്പ് എൻ്റെ ഭർത്താവിൽനിന്നാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത്. അതിനുശേഷം ഞങ്ങൾ മിക്കവാറും എല്ലാ മാസവും ടിക്കറ്റ് എടുക്കാറുണ്ട്. വിജയത്തെക്കുറിച്ചുള്ള വാർത്തകൾ ലഭിച്ചപ്പോൾ ആദ്യം വിശ്വസിച്ചില്ല. പിന്നീട് ഇ-മെയിലും വെബ്സൈറ്റും, പരിശോധിച്ചതിന് ശേഷമാണ് വിശ്വസിക്കാനായതെന്നും ഫസീല പറഞ്ഞു.