അബുദാബി – ബറാക ആണവ നിലയത്തിന് നേരെ ആക്രമണം നടത്താന്‍ ഉപയോഗിച്ച ഡ്രോണുകള്‍ വന്നത് ഇറാഖില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ രാജ്യത്തെ സിവിലിയന്‍, സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ച ആറ് ഡ്രോണുകള്‍ യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞ് തകര്‍ത്തു. ഈ സംഭവങ്ങളില്‍ ആളപായവും സുപ്രധാന സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ല.
2026 മെയ് 17 ന് ബറാക ആണവ നിലയത്തിന് നേരെ നടന്ന ആക്രമണത്തെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ആക്രമണത്തിന് ഉപയോഗിച്ച മൂന്നു ഡ്രോണുകളും പിന്നീട് തടഞ്ഞ് തകര്‍ത്ത മൂന്നു ഡ്രോണുകളും ഇറാഖില്‍ നിന്നാണ് വന്നതെന്ന് വ്യക്തമായി. ആണവ നിലയത്തിനു നേരെ വന്ന മൂന്ന് ഡ്രോണുകളില്‍ രണ്ടെണ്ണം വിജയകരമായി തടഞ്ഞ് തകര്‍ത്തു. മൂന്നാമത്തേത് ആണവ പ്ലാന്റ് കോംപൗണ്ടിലെ ജനറേറ്ററില്‍ ഇടിച്ചു.
അന്താരാഷ്ട്ര നിയമങ്ങള്‍ക്കും കണ്‍വെന്‍ഷനുകള്‍ക്കും അനുസൃതമായി, തങ്ങളുടെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ യു.എ.ഇക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യസുരക്ഷയും ദേശീയ ആര്‍ജിത നേട്ടങ്ങളും ലക്ഷ്യം വെച്ചുള്ള ഏത് ഭീഷണികളെയും നേരിടാന്‍ സായുധ സേന പൂര്‍ണ്ണ സുസജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.



