അബൂദാബി – ഏഷ്യ കപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ശക്തരായ ഇന്ത്യയോട് പൊരുതി തോറ്റു ഒമാൻ. വെറും 21 റൺസിനാണ് ഒമാൻ പരാജയപ്പെട്ടത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഒമാന്റെ പോരാട്ടം നാല് വിക്കറ്റ് നഷ്ടത്തിൽ 167ൽ അവസാനിച്ചു.
ടോസ് നേടിയ ഒമാൻ ഇന്ത്യയെ ബാറ്റിങിന് അയച്ചു. ആദ്യമായി ടൂർണമെന്റിൽ ഫസ്റ്റ് ബാറ്റ് കിട്ടിയ ഇന്ത്യയുടെ ലക്ഷ്യം 300 എന്ന കൂറ്റൻ സ്കോറായിരുന്നു. എന്നാൽ തുടക്കം തന്നെ ഇന്ത്യക്ക് പിഴച്ചു. രണ്ടാം ഓവറിൽ വെറും അഞ്ചു റൺസുമായി ഗിൽ മടങ്ങുമ്പോൾ സ്കോർ ഒന്നിന് ആറു. രണ്ടാം വിക്കറ്റിൽ ഒരു ഭാഗത്തു മലയാളി താരം സഞ്ജു മുട്ടിയും തട്ടിയും റൺസ് നേടുമ്പോൾ മറുഭാഗത്തു അഭിഷേക് ശർമ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. 15 പന്തിൽ 38 റൺസുമായി താരം മടങ്ങുമ്പോൾ സ്കോർ ഏഴു ഓവറിൽ 72ൽ എത്തിയിരുന്നു.
പിന്നാലെ എത്തിയ ഹർദിക് പാണ്ഡെ ഒരു റൺസുമായി പുറത്തായി. അക്സർ പട്ടേൽ (26),തിലക് വർമ (29) എന്നിവരുമായി ചേർന്ന് സഞ്ജു ഒരു ഭാഗത്ത് റൺസ് പടുത്തുയർത്തി. 18-ാം ഓവറിലാണ് 45 പന്തിൽ നിന്നു 56 റൺസുമായി മലയാളി താരം മടങ്ങിയത്. ഹർഷീത് റാണ (13), കുൽദീപ് യാദവ് (1) എന്നിവർ പുറത്താക്കാതെ നിന്ന് കളി അവസാനിക്കുമ്പോൾ സ്കോർ 188ൽ എത്തിയിരുന്നു. ഫൈസൽ ഷാ, ജിതേൻകുമാർ രാമാനന്ദി, ആമിർ കലീം എന്നിവരാണ് രണ്ടു വിക്കറ്റ് വീതം നേടി ഇന്ത്യയുടെ 300 എന്ന ലക്ഷ്യത്തെ തകർത്തത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഒമാനിന്റെ താരങ്ങളെ മടക്കാൻ ശക്തരായ ഇന്ത്യൻ ബൗളിങ് നിര വിയർക്കുന്നതാണ് കണ്ടത്. സ്കോർ 56 ൽ നിൽക്കെ ഒമ്പതാമത്തെ ഓവറിൽ ആണ് ഒമാനിന്റെ ആദ്യത്തെ താരത്തെ ഇന്ത്യ മടക്കുന്നത്. ക്യാപ്റ്റൻ ജിതേന്ദ്ര സിങാണ് (32 റൺസ്) കുൽദീപ് യാദവിന് വിക്കറ്റ് സമ്മാനിച്ചു മടങ്ങിയത്. രണ്ടാം വിക്കറ്റ് കൂട്ട്കെട്ടിൽ ആമിർ കലീം ( 46 പന്തിൽ 64 റൺസ്), ഹമ്മദ് മിർസ ( 33 പന്തിൽ 51 ) എന്നിവർ ചേർന്ന് വീണ്ടും റൺസ് പടുത്തുയർത്തി ചരിത്രവിജയം സ്വപ്നം കണ്ടു. എന്നാൽ ആ സ്വപ്നങ്ങളെല്ലാം തകർത്തു സ്കോർ 149 നിൽക്കെ ആമിറിനെ റാണ മടക്കിയതോടെ ഗിയർ ഇന്ത്യയുടെ കയ്യിലായി. അധികം വൈകാതെ മിർസയെയും കൂടി നഷ്ടപ്പെട്ടതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.
ഇതോടെ ഗ്രൂപ്പ് റൗണ്ടിലെ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ നാളെ നടക്കുന്ന സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെ നേരിടും.