ദുബായ്: പ്രശസ്ത ചലച്ചിത്ര താരം സലീം കുമാറിന്റെ വിയോഗത്തിൽ അക്കാഫ് ഇവന്റ്സ് അനുശോചനം രേഖപ്പെടുത്തി. അക്കാഫ് ഇവന്റ്സ് ഓഫീസിൽ വെച്ച് നടന്ന അനുശോചന യോഗത്തിൽ മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണി പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി കെ.വി. മനോജ്, അനൂപ് അനിൽ ദേവൻ, രഞ്ജിത്ത് കോടോത്ത്, ഷിബു മൊഹമ്മദ്, റാണി സുധീർ, വി. സി. മനോജ് എന്നിവരും മറ്റ് അക്കാഫ് ഭാരവാഹികളും അംഗങ്ങളും അനുശോചന യോഗത്തിൽ പങ്കെടുത്തു.
ഹാസ്യനടനായും ക്യാരക്ടർ ആർട്ടിസ്റ്റായും മലയാള സിനിമയിൽ സ്വന്തമായൊരു സാമ്രാജ്യം വെട്ടിപ്പിടിച്ച സലീം കുമാറിന്റെ വിയോഗം പ്രവാസി മലയാളി സമൂഹത്തിനും വലിയൊരു വേദനയാണെന്ന് യോഗം വിലയിരുത്തി. വെള്ളിത്തിരയിൽ അദ്ദേഹം അവശേഷിപ്പിച്ചുപോയ കഥാപാത്രങ്ങളിലൂടെയും അനശ്വരമാക്കിയ ചിരിമുഹൂർത്തങ്ങളിലൂടെയും സലീം കുമാർ എന്നും മലയാളി മനസ്സുകളിൽ ജീവിക്കുമെന്ന് ഭാരവാഹികൾ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അക്കാഫ് ഭാരവാഹികൾ വ്യക്തമാക്കി.



