ദുബായ് – റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും അപകട സാധ്യതകള്‍ കുറക്കാനും ബൈക്കുകള്‍ ഓടിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, വേനല്‍ക്കാലത്തിന് മുന്നോടിയായി ഡെലിവറി ബൈക്ക് ജീവനക്കാര്‍ക്കായി എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായതായി ദുബായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. ഹെസ്സ സ്ട്രീറ്റ്, അല്‍ഖവാനീജ്, അല്‍ബര്‍ഷ, അല്‍സത്‌വ, ഔദ് മേത്ത, അല്‍കരാമ, അര്‍ജാന്‍ എന്നിവയുള്‍പ്പെടെ ദുബായിലെ പ്രധാന മേഖലകളിലായി സ്ഥിതി ചെയ്യുന്ന 40 ഓളം വിശ്രമ കേന്ദ്രങ്ങളില്‍ അറ്റകുറ്റപ്പണികളും തയ്യാറെടുപ്പ് ജോലികളും പൂര്‍ത്തിയായി. ഡെലിവറി കമ്പനികളുമായി ഏകോപിച്ച് നടത്തിയ പ്രവര്‍ത്തന ഡാറ്റയുടെയും ഉയര്‍ന്ന ഡിമാന്‍ഡ് ഡെലിവറി സോണുകളുടെ സമഗ്രമായ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുത്തത്. എമിറേറ്റിലുടനീളം ഡെലിവറി സേവനങ്ങളുടെ ആവശ്യകത വര്‍ധിച്ചുവരുന്നതിനാല്‍, ഡെലിവറി മേഖലയിലെ തുടര്‍ച്ചയായ വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഈ സംരംഭം.
റോഡ് സുരക്ഷയില്‍ ആഗോള തലത്തില്‍ മുന്‍നിര സ്ഥാനത്തെത്താനുള്ള ദുബായിയുടെ ഗതാഗത സുരക്ഷ റോഡ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയായി തുടരുന്നതായി ആര്‍.ടി.എ ലൈസന്‍സിംഗ് ഏജന്‍സി സി.ഇ.ഒ അഹ്‌മദ് മഹ്ബൂബ് പറഞ്ഞു. ദുബായിലുടനീളം ഫലപ്രദമായ മേല്‍നോട്ടം ഉറപ്പാക്കുകയും സേവന നിലവാരം തുടര്‍ച്ചയായി ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന നിലക്ക് ഡെലിവറി മേഖലക്കായി ഞങ്ങള്‍ സംയോജിത ഭരണ ചട്ടക്കൂട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. നേരിട്ടുള്ള സൂര്യപ്രകാശത്തിന്റെ ആഘാതം കുറക്കാനും, ദൃശ്യപരത നിലനിര്‍ത്തുന്നതിനൊപ്പം ഫലപ്രദമായ താപ ഇന്‍സുലേഷന്‍ നല്‍കാനും കഴിയുന്ന നിലക്കാണ് വിശ്രമ കേന്ദ്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓരോ വിശ്രമ കേന്ദ്രത്തിലും എയര്‍ കണ്ടീഷന്‍ ചെയ്ത കാത്തിരിപ്പ് സ്ഥലം, വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് പോയിന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഓരോ കേന്ദ്രത്തിലും ഏകദേശം 10 റൈഡര്‍മാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. കൂടാതെ മോട്ടോര്‍ സൈക്കിള്‍ പാര്‍ക്കിംഗ് ഏരിയകളും പ്രവൃത്തി ദിവസങ്ങളില്‍ റൈഡര്‍മാരെ പിന്തുണക്കനായി രൂപകല്‍പ്പന ചെയ്ത മറ്റ് സൗകര്യങ്ങളുമുണ്ടെന്ന് അഹ്‌മദ് മഹ്ബൂബ് വ്യക്തമാക്കി.



