അബുദാബി: കളിക്കളത്തില്‍ കലഹമുണ്ടാക്കിയ സംഭവത്തില്‍ തടവിനും വന്‍ തുക പിഴയ്ക്കും കോടതി ശിക്ഷിച്ച മൂന്ന് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് മാപ്പു നല്‍കി. യുഎഇയും ഈജിപ്തും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ പേരിലാണ് മാപ്പു നല്‍കിയത്. ഇതോടെ ശിക്ഷ ഓഴിവാക്കപ്പെടും. അബുദാബിയില്‍ നടന്ന ഈജിപ്ഷ്യന്‍ സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ മുന്‍നിര ഈജിപ്ഷ്യന്‍ ക്ലബായ സമാലികിന്റെ മൂന്ന് താരങ്ങളെയാണ് ഒരു മാസം തടവിനും രണ്ടു ലക്ഷം ദിര്‍ഹം പിഴയ്ക്കും കോടതി ശിക്ഷിച്ചിരുന്നത്.
പിരമിഡ്‌സ് ക്ലബിനെതിരെയുള്ള മാച്ചിനിടെ നബീല്‍ ഇമാദ് ദോംഗ, മുസ്തഫ ശലബി, അബ്ദല്‍ വാഹിദ് അല്‍ സയിദ് എന്നിവര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കലഹമുണ്ടാക്കുകയും ചെയ്‌തെന്നാണ് കുറ്റം. തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.