ദുബൈ– സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി യുഎഇ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലൂടെ പണം നൽകിയോ അല്ലാതെയോ പരസ്യം ചെയ്യുന്നവർക്ക് ‘അഡ്വർടൈസർ പെർമിറ്റ്’ നിർബന്ധമാണെന്ന് യുഎഇ മീഡിയ കൗൺസിൽ. ഡിജിറ്റൽ പരസ്യമേഖലയിൽ കൂടുതൽ പ്രൊഫഷണലിസവും ഉപയോക്താക്കളുടെ സംരക്ഷണവുമാണ് നിയന്ത്രണം ലക്ഷ്യം വെക്കുന്നത്.
യുഎഇയിൽ താമസിക്കുന്നവർക്കും സന്ദർശകർക്കും നിയമം ബാധകമായിരിക്കും. 3 വർഷത്തേക്ക് സൗജന്യമായിട്ട് നൽകുന്ന ‘അഡ്വട്ടൈസർ പെർമിറ്റ്’ യുഎഇ പൗരന്മാർക്ക് 1 വർഷത്തേക്കും സന്ദർശകർക്ക് 3 മാസത്തേക്കുമാണ് നൽകുക. സന്ദർശകർക്ക് ഒരിക്കൽ മാത്രം പെർമിറ്റ് പുതുക്കാം. മൂന്ന് മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരും.
അനുമതിയില്ലാതെ പരസ്യം പ്രചരിപ്പിച്ചാൽ 10,000 ദിർഹം (2 ലക്ഷത്തോളം ഇന്ത്യൻ രൂപ) വരെ പിഴ ഈടാക്കും. സ്വന്തം ഉൽപന്നങ്ങളോ സേവനങ്ങളോ പരസ്യം ചെയ്യുന്നവർക്കും, 18 വയസിന് താഴെയുള്ള, വിദ്യാഭ്യാസ, സംസ്‌കാരിക, കായിക, ബോധവത്കരണ കണ്ടന്റുകൾ പങ്കുവെക്കുന്നവർക്കും ലൈസൻസ് ആവശ്യമില്ല. 18 വയസായ, ഇതുവരെ മാധ്യമ നിയമങ്ങൾ തെറ്റിക്കാത്ത, ഇലക്ട്രോണിക് മീഡിയയുടെ ലൈസൻസ് കൈവശമുള്ള താമസക്കാർക്ക് അപേക്ഷിക്കാം. സന്ദർശകർ പെർമിറ്റിനായി യുഎഇ ലൈസൻസുള്ള ഏജൻസി വഴിയാണ് അപേക്ഷിക്കേണ്ടത്.