ദുബായ്– യുഎഇയും കുവൈത്തും സംയുക്തമായി പിടിച്ചെടുത്തത് 110 കിലോ മയക്കുമരുന്ന്. കടൽ മാർഗം കടത്താൻ ശ്രമിച്ച 100 കിലോഗ്രാം ക്രിസ്റ്റൽ മെത്തും 10 കിലോഗ്രാം ഹൊറോയിനുമാണ് പിടിച്ചെടുത്തത്. 32 കോടി രൂപ വില വരുന്ന (കുവൈത്ത് ദിനാർ 1.15 മില്ല്യൺ) മയക്കുമരുന്നാണ് ഇരു രാജ്യങ്ങളുടെയും ഇന്റലിജൻസ് വിഭാഗം ചേർന്ന് പിടിച്ചെടുത്തത്.
“യുഎഇ ആഭ്യന്തര മന്ത്രാലയവും കുവൈത്ത് ആഭ്യന്തര മന്ത്രാലയുവും തമ്മിലുള്ള സഹകരണം, മയക്കുമരുന്നിനെതിരെ പോരാടുന്നതിൽ സഹായിച്ചെന്ന് ഞാൻ അഭിമാനത്തോടെ സ്ഥിരീകരിക്കുന്നു. ഇത് നമ്മുടെ സമൂഹങ്ങളെ സംരക്ഷിക്കുന്നതിൽ സഹോദരങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസം ശക്തിപ്പെടുത്തുന്നു.” മയക്കുമരുന്ന് സ്ഥിരീകരിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ച പോസ്റ്റിൽ പറയുന്നു.
“ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബഹ് യുടെ പ്രശംസയെ ഞങ്ങൾ വില മതിക്കുന്നു. കൂടാതെ, നമ്മുടെ മാതൃരാജ്യത്തെ എല്ലാ ഭീഷണികളിൽ നിന്നും സംരക്ഷിക്കുന്നതിന് വിവര കൈമാറ്റത്തിന്റെയും സംയുക്ത ഏകോപനത്തിന്റെയും പാതകൾ ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ആവർത്തിച്ച് പറയുന്നു.” എന്ന് മന്ത്രാലയം കൂട്ടിചേർത്തു.
ഇരു രാജ്യങ്ങളുടെയും ഇന്റലിജൻസ് വിഭാഗങ്ങൾ ചേർന്ന് ശേഖരിച്ച വിവരങ്ങഴിൽ നിന്നുമാണ് മയക്കുമരുന്നുമായി ഷിപ്പിങ് കണ്ടെയ്നർ സമുദ്രത്തിലേക്ക് കടന്നതായി മനസ്സിലാക്കുന്നത്. തുടർന്ന് കണ്ടെയ്നർ ട്രാക്ക് ചെയ്യുകയും, അതിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുവൈത്തിലെ ഷുവൈഖ് തുറമുഖത്ത് എത്തിയപ്പോൾ, കസ്റ്റംസ് കണ്ടെയ്നർ പുറത്തേക്ക് കടത്തിവിട്ടു. എന്നാൽ കണ്ടെയ്നർ ഇന്റലിജൻസ് നിരീക്ഷണത്തിലായിരുന്നു. കണ്ടെയ്നറിന്റെ ലക്ഷ്യസ്ഥാനമായ അംഘാരയിലെ വ്യവസായിക മേഘയയിൽ എത്തുന്നത് വരെ കണ്ടെയ്നറിനെ നിരീക്ഷിക്കുകയും, അംഘാരയിൽ നിന്ന് കണ്ടെയ്നർ സ്വീകരിക്കുന്നതിനിടെ ഒരു അഫ്ഗാൻ പൗരനെയും കണ്ടെയ്നറിനെയും പിടികൂടുകയും ചെയ്തു.
കുവൈത്തിലെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന് “ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും” അറിയിച്ചു, അദ്ദേഹം ഓപ്പറേഷനെ “ഫലപ്രദമായ സഹകരണവും സുപ്രധാന ഇന്റലിജൻസ് സംഭാവനകളും” എന്നാണ് വിശേഷിപ്പിച്ചത്.
മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ഗൾഫിലുടനീളമുള്ള തീവ്രമായ സംയുക്ത ശ്രമങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഈ മയക്കുമരുന്ന് വേട്ട. യൂറോപ്പ്, ഏഷ്യ, അതിനപ്പുറമുള്ള വിപണികളിലേക്ക് ഉദ്ദേശിച്ചിട്ടുള്ള മയക്കുമരുന്നുകളുടെ ഒരു ഗതാഗത ഇടനാഴിയായി ഈ പ്രദേശം പലപ്പോഴും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.