ജിദ്ദ – അംഗീകൃത ഉംറ പ്രോഗ്രാം അനുസരിച്ച് തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കാത്തതിന് ഹജ്, ഉംറ മന്ത്രാലയം രണ്ട് ഉംറ സര്‍വീസ് കമ്പനികള്‍ക്ക് താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി. ഈജിപ്തിലെ ടൂറിസം മന്ത്രാലയവുമായി സഹകരിച്ച്, ഈ രണ്ട് കമ്പനികളുമായി കരാറിലേര്‍പ്പെട്ട ഈജിപ്തിലെ ഏജന്റുമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നുണ്ട്. കരാര്‍ പ്രകാരമുള്ള ഉംറ പ്രോഗ്രാം അനുസരിച്ച് താമസ സൗകര്യം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈജിപ്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ അംഗീകൃത താമസ സൗകര്യമില്ലാതെ രാജ്യത്ത് എത്തിയതായി കണ്ടെത്തി. ഉംറ തീര്‍ഥാടകര്‍ക്കും മസ്ജിദുന്നബവി സിയാറത്ത് നടത്തുന്നവര്‍ക്കും നല്കുന്ന സേവനങ്ങള്‍ നിയന്ത്രിക്കുന്ന നിയമങ്ങളുടെയും നിര്‍ദേശങ്ങളുടെയും വ്യക്തമായ ലംഘനമാണിത്.
താമസ സൗകര്യം ലഭിക്കാതെ പ്രയാസപ്പെട്ട എല്ലാ തീര്‍ഥാടകര്‍ക്കും ഉടനടി താമസ സൗകര്യം ഉറപ്പാക്കി. സ്വീകരിച്ച നടപടികള്‍ വേഗത്തിലും അംഗീകൃത നിയന്ത്രണ ചട്ടക്കൂടുകള്ക്കനുസൃതമായും ആയിരുന്നു. തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അത്തരം നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനും തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ഇത് സഹായിച്ചു.
ഉംറ കമ്പനികളും സ്ഥാപനങ്ങളും തീര്ഥാടകരുമായുണ്ടാക്കുന്ന അംഗീകൃത കരാറുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെയും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെയും തുടര്‍ച്ചയായാണ് ഈ നടപടി.
കരാര്‍ ബാധ്യതകള്‍ പാലിക്കുന്നതില്‍ വീഴ്ചകള്‍ വരുത്തുന്നതും നിയമ ലംഘനങ്ങളും അനുവദിക്കില്ല. തീര്‍ഥാടകരുടെ അവകാശങ്ങള്‍ക്ക് ഏറ്റവും വലിയ മുന്‍ഗണന നല്കുന്നു. തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരം മറികടക്കാന്‍ കഴിയാത്ത ചുവന്ന വരയാണ്. അംഗീകൃത നിയമങ്ങളും നിര്‍ദേശങ്ങളും പൂര്‍ണ്ണമായും പാലിക്കണമെന്നും കരാറിലെത്തുന്ന പ്രോഗ്രാമുകള്‍ക്കനുസൃതമായി തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കണമെന്നും എല്ലാ ഉംറ കമ്പനികളോടും സ്ഥാപനങ്ങളോടും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.



