അങ്കാറ – സൗദി അറേബ്യയുമായും പാകിസ്ഥാനുമായും ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാര്‍ നാറ്റോയോടുള്ള തുര്‍ക്കിയുടെ പ്രതിബദ്ധതകള്‍ക്ക് വിരുദ്ധമല്ലെന്ന് തുര്‍ക്കി സര്‍ക്കാര്‍ വ്യക്തമാക്കി. ഈ കരാര്‍ നാറ്റോ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സഖ്യങ്ങളോടുള്ള തുര്‍ക്കിയുടെ നിലവിലുള്ള പ്രതിബദ്ധതകള്‍ക്ക് വിരുദ്ധമല്ല. മറിച്ച്, ഇത് പ്രാദേശിക സുരക്ഷയെ പിന്തുണക്കുന്ന പരസ്പരപൂരക സഹകരണ സംവിധാനത്തെ രൂപപ്പെടുത്തുന്നു – തുര്‍ക്കി സര്‍ക്കാര്‍ മീഡിയ ഏജന്‍സി പറഞ്ഞു. പ്രാദേശിക പങ്കാളിത്ത വികസനം തുര്‍ക്കിയുടെ നാറ്റോ അംഗത്വത്തിന് പകരമല്ല. ത്രികക്ഷി പ്രാദേശിക പ്രതിരോധ പങ്കാളിത്തം ആക്രമണാത്മക സൈനിക സഖ്യം രൂപപ്പെടുത്തുന്നില്ലെന്നും മീഡിയ ഏജന്‍സി പറഞ്ഞു.
വെള്ളിയാഴ്ച മക്കയില്‍ ഒപ്പുവെച്ച ത്രികക്ഷി കരാര്‍ ഏതെങ്കിലും മൂന്നാം രാജ്യത്തിനോ കൂട്ടായ്മക്കോ എതിരല്ല. പ്രതിരോധ വ്യവസായങ്ങള്‍, സൈനിക പരിശീലനം, സാങ്കേതിക കൈമാറ്റം, പ്രാദേശിക സ്ഥിരത എന്നിവയിലെ സഹകരണം ശക്തിപ്പെടുത്താന്‍ മാത്രമാണ് ത്രികക്ഷി കരാറിലൂടെ ലക്ഷ്യമിടുന്നതെന്നും തുര്‍ക്കി ആവര്‍ത്തിച്ചു. ത്രികക്ഷി കരാറുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ക്കും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കത്തിനും ഉള്ള മറുപടിയായാണ് ഈ പ്രസ്താവനയെന്ന് തുര്‍ക്കി അധികൃതര്‍ വ്യക്തമാക്കി. നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയാണ് തുര്‍ക്കി. നാറ്റോയുടെ കിഴക്കന്‍ ഭാഗങ്ങള്‍ തുര്‍ക്കി കവര്‍ ചെയ്യുന്നു. ജൂലൈ ആദ്യം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പങ്കാളിത്തത്തോടെ നാറ്റോ സഖ്യകക്ഷി നേതാക്കളുടെ ഉച്ചകോടിക്ക് തുര്‍ക്കി ആതിഥേയത്വം വഹിച്ചു.
സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ തമ്മില്‍ മക്കയില്‍ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാര്‍ മൂന്ന് രാജ്യങ്ങള്‍ക്കിടയില്‍ ദീര്‍ഘകാല പ്രതിരോധ പങ്കാളിത്തത്തിനുള്ള ചട്ടക്കൂട് സ്ഥാപിക്കുന്നതായി സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. സഹോദര രാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രതിരോധം, ഏകോപനം, പ്രതിരോധ സംയോജനം എന്നിവ വര്‍ധിപ്പിക്കാനും അതുവഴി സൈനിക, സുരക്ഷാ സഹകരണത്തിന്റെ നിലവാരം ഉയര്‍ത്താനും പൊതുവായ താല്‍പ്പര്യങ്ങള്‍ കൈവരിക്കാനും ഈ കരാര്‍ ലക്ഷ്യമിടുന്നു. സുരക്ഷയും സ്ഥിരതയും ശക്തമാക്കനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ കരാര്‍. പ്രതിരോധ പങ്കാളിത്തം വികസിപ്പിച്ചും പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള സംയുക്ത ശ്രമങ്ങള്‍ ശക്തിപ്പെടുത്തിയും മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയെയും സ്ഥിരതയെയും പിന്തുണക്കാന്‍ ഇത് സഹായിക്കുമെന്നും ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
പരസ്പര വിശ്വാസം, പങ്കിട്ട വിധി, സുരക്ഷയും സ്ഥിരതയും ശക്തമാക്കേണ്ടതിന്റെയും പ്രാദേശിക സമാധാനം സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തിലുള്ള വിശ്വാസം എന്നിവയില്‍ അധിഷ്ഠിതമായി, മൂന്ന് സഹോദര രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സഹകരണത്തിന്റെ പാതയിലെ നിര്‍ണായക നാഴികക്കല്ലാണ് മക്ക സംയുക്ത പ്രതിരോധ കരാര്‍ എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. മക്കയില്‍ വിശുദ്ധ ഹറമിന് സമീപം ഈ കരാര്‍ ഒപ്പിട്ടത്, നമ്മുടെ രാജ്യങ്ങളുടെ സുരക്ഷയോടുള്ള പങ്കിട്ട ഉത്തരവാദിത്തത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന ചരിത്രപരവും പ്രതീകാത്മകവുമായ മാനം നല്‍കുന്നു. ഇത് നമ്മുടെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ഇസ്ലാമിക ലോകത്തിന്റെ സ്ഥിരത ശക്തിപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു – എക്‌സ് പ്ലാറ്റ്ഫോമിലെ ട്വീറ്റില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞു.
സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ തന്ത്രപരമായ പങ്കാളിത്തം വര്‍ധിപ്പിക്കാനും രാഷ്ട്രീയ, പ്രതിരോധ ഏകോപനം ശക്തിപ്പെടുത്താനും പൊതുതാല്‍പ്പര്യങ്ങള്‍ നിറവോനും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയെ പിന്തുണക്കാനുമുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളില്‍ ഒന്നിനെ ലക്ഷ്യം വെച്ചുള്ള ഏതൊരു ആക്രമണവും മൂന്നു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കപ്പെടുമെന്ന് മക്ക സംയുക്ത പ്രതിരോധ കരാര്‍ വ്യവസ്ഥ ചെയ്യുന്നു. കരാര്‍ കൂട്ടായ പ്രതിരോധ തത്വം ശക്തിപ്പെടുത്തുകയും സുരക്ഷക്കും പരമാധികാരത്തിനും നേരെയുള്ള ഏത് ഭീഷണിയെയും നേരിടാനുള്ള പങ്കിട്ട പ്രതിബദ്ധത സ്ഥിരീകരിക്കുകയും ചെയ്യുന്നു. സുസജ്ജദ്ധത ഉയര്‍ത്തുകയും പങ്കിട്ട സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള ശേഷികള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിലക്ക്, പ്രതിരോധത്തിന്റെയും സൈനിക സഹകരണത്തിന്റെയും വിവിധ വശങ്ങള്‍ വികസിപ്പിക്കാനും മൂന്ന് രാജ്യങ്ങള്‍ക്കുമിടയില്‍ ഏകോപനം വര്‍ധിപ്പിക്കാനും കരാര്‍ ലക്ഷ്യമിടുന്നു.







