ജിദ്ദ- സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താനിരുന്ന വെടിക്കെട്ടുകളും ഡ്രോൺ ഷോകളും മാറ്റിവെച്ചു.
വെടിക്കെട്ടിന്റെയും ഡ്രോൺ ഷോകളുടെയും പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്രതിവർഷം രാജ്യമൊട്ടാകെ വൈവിധ്യമാർന്ന വിനോദ-സാംസ്കാരിക പരിപാടികളാണ് ദേശീയ ദിനത്തിൽ സംഘടിപ്പിക്കാറുള്ളത്.
1932 സെപ്റ്റംബർ 23-ന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിനെത്തുടർന്ന്, രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് രാജാവ് സൗദി അറേബ്യയെ ഏകീകരിച്ചതിന്റെ തൊണ്ണൂറ്റാറാം (96-ാം) വാർഷികത്തോടനുബന്ധിച്ചാണ് ഈ വർഷത്തെ സൗദി ദേശീയ ദിനം കടന്നുവരുന്നത്.
രാജ്യത്തിന്റെ വികസന, സാമ്പത്തിക, സാംസ്കാരിക നേട്ടങ്ങൾ സൗദി ആഘോഷിക്കുന്ന ഒരു വാർഷിക അവസരമാണ് ദേശീയ ദിനം. രാഷ്ട്രത്തിന്റെ യാത്ര, സ്വത്വം, പാരമ്പര്യം എന്നിവ പ്രതിഫലിപ്പിക്കുന്ന വിവിധങ്ങളായ പരിപാടികൾക്കും പ്രകടനങ്ങൾക്കും ഈ ദിനത്തിൽ വിവിധ പ്രദേശങ്ങൾ സാക്ഷ്യം വഹിക്കുന്നു.







