റിയാദ് – ഇറാനിലുള്ള തങ്ങളുടെ വിശ്വാസം പൂർണ്ണമായും തകർന്നുവെന്നും അവരുടെ കണക്കുകൂട്ടലുകൾ പിഴച്ചുവെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ്റെ നീക്കങ്ങൾ ആ രാജ്യത്തിൻ്റെ രാജ്യാന്തര ഒറ്റപ്പെടൽ വർദ്ധിപ്പിക്കുകയേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി റിയാദിൽ ചേർന്ന അറബ്-ഇസ്‌ലാമിക് രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ്റെ ശത്രുതാപരമായ സമീപനങ്ങളോടുള്ള സൗദിയുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങളിലൂടെ ഇറാൻ ഒരു നേട്ടവും കൊയ്യാൻ പോകുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഇറാൻ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാണെന്ന് വിദേശകാര്യ മന്ത്രി ആരോപിച്ചു. ഇത്രയേറെ തെളിവുകൾ ഉണ്ടായിട്ടും ആക്രമണങ്ങളെ നിഷേധിക്കുന്ന ഇറാൻ്റെ നിലപാട് അംഗീകരിക്കാനാവില്ല. ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചടിക്കാൻ ശേഷിയില്ലെന്നാണ് ഇറാൻ കരുതുന്നതെങ്കിൽ അത് വലിയ തെറ്റിദ്ധാരണയാണ്. ഒരു വശത്ത് അയൽരാജ്യങ്ങളെ ആക്രമിക്കുകയും മറുവശത്ത് അവരോട് ഐക്യദാർഢ്യം ആവശ്യപ്പെടുകയും ചെയ്യുന്ന ഇറാൻ്റെ ഇരട്ടത്താപ്പ് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നല്ല അയൽപക്ക ബന്ധത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്ന ഇറാനെ ഒരു പങ്കാളിയായി കാണാൻ ഗൾഫ് രാജ്യങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ്റെ നടപടികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അവയെ പ്രതിരോധിക്കാൻ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾക്കിടയിൽ ശക്തമായ ഏകോപനമുണ്ടെന്നും ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. സ്വന്തം ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ‘ബ്ലാക്ക് മെയിലിംഗ്’ നയമാണ് ഇറാൻ പിന്തുടരുന്നത്. യുദ്ധത്തിൻ്റെ തുടക്കം മുതൽ സിവിലിയൻ കേന്ദ്രങ്ങളെ അവർ ലക്ഷ്യം വെച്ചിട്ടുണ്ട്. സായുധ സംഘങ്ങളെ സഹായിക്കുന്നതിലൂടെ മേഖലയുടെ സുരക്ഷ തകർക്കാനാണ് അവർ ശ്രമിക്കുന്നത്. അമേരിക്കൻ സാന്നിധ്യത്തിൻ്റെ പേര് പറഞ്ഞ് ഇത്തരം അക്രമങ്ങളെ ന്യായീകരിക്കുന്നത് യാഥാർത്ഥ്യത്തിന് നിരക്കാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്‌ലാമിനെ പ്രതിരോധിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ, ജോർദാൻ, അസർബൈജാൻ, തുർക്കി, ലെബനൻ തുടങ്ങിയ ഒട്ടനവധി ഇസ്‌ലാമിക രാജ്യങ്ങളെ ഇറാൻ ആക്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. വെറും മുദ്രാവാക്യങ്ങൾക്കിടയിൽ ഒളിച്ചിരുന്ന് സ്വന്തം താൽപ്പര്യങ്ങൾക്കായി വിവിധ ആയുധങ്ങളെ ഇറാൻ ഉപയോഗിക്കുന്നു. നയതന്ത്രജ്ഞർ റിയാദിൽ ഒത്തുകൂടിയ സമയത്ത് തന്നെ ആക്രമണം ഉണ്ടായത് യാദൃശ്ചികമല്ല. ആവശ്യമെങ്കിൽ സൈനികമായി തിരിച്ചടിക്കാൻ സൗദി അറേബ്യക്ക് പൂർണ്ണ അവകാശമുണ്ട്. കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം അത് നിഷേധിക്കുന്ന ചരിത്രമാണ് ഇറാൻ ഭരണകൂടത്തിനുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
സൗദിയുടെ ഊർജ്ജ മേഖലയെ ലക്ഷ്യം വെച്ചുള്ള തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. റിയാദിൽ ഈ യോഗം നടന്നുകൊണ്ടിരിക്കെ തന്നെ നഗരത്തെ ലക്ഷ്യം വെച്ച് പുതിയ മിസൈൽ ആക്രമണങ്ങൾ ഉണ്ടായി. മണിക്കൂറുകൾക്കുള്ളിൽ റിയാദിന് നേരെ വന്ന എട്ട് ബാലിസ്റ്റിക് മിസൈലുകളെ സൗദി പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. ഇതിൽ ഒരു മിസൈലിൻ്റെ ശകലങ്ങൾ തെക്കൻ റിയാദിലെ റിഫൈനറിക്ക് സമീപമാണ് പതിച്ചത്. അന്താരാഷ്ട്ര കൺവെൻഷനുകളുടെയും ഇസ്‌ലാമികാധ്യാപനങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇറാൻ നടത്തുന്നതെന്നും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും വിദേശകാര്യ മന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി.



