അബൂദാബി- അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ മിഡിൽ ഈസ്റ്റിലെ സാഹചര്യം ചർച്ച ചെയ്തു. മേഖലയിലെ പുതിയ സാഹചര്യങ്ങൾക്കൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും ചർച്ചയായി. ട്രംപ് ഷെയ്ഖ് മുഹമ്മദിനെ ടെലഫോണിൽ വിളിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ മധ്യപൂർവേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും സമാധാന ശ്രമങ്ങളും വിലയിരുത്തി. പ്രത്യേകിച്ച് യു.എ.ഇക്കും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഉണ്ടായ ആക്രമണങ്ങളും അവ പ്രാദേശിക സുരക്ഷയെ എങ്ങനെ ബാധിക്കുന്നുവെന്നും ഇരുവരും ചർച്ച ചെയ്തതായി യു.എ.ഇ വാർത്താ ഏജൻസിയായ വാം റിപോർട്ട് ചെയ്തു.
യു.എ.ഇയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് അമേരിക്കയുടെ പൂർണ്ണ പിന്തുണ ട്രംപ് വീണ്ടും ഉറപ്പുനൽകി.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുപക്ഷത്തിന്റെയും പൊതുവായ താൽപ്പര്യങ്ങൾ മുൻനിർത്തി ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു







