റിയാദ്: ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ലെവി ആനുകൂല്യം 2027 ജനുവരിയില്‍ അവസാനിക്കാനിരിക്കെ അതേകുറിച്ച് ഇതുവരെ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് തൊഴില്‍ മാനവശേഷി മന്ത്രാലയം വ്യക്തമാക്കി. ലെവി ആനുകൂല്യം അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്നും ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന അറിയിപ്പുകളെ അവലംബിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നിലവില്‍ ഇതുവരെ പുതിയ പ്രഖ്യാപനങ്ങളില്ലെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
2027 ജനുവരി 21നാണ് പരമാവധി ഒമ്പത് വരെ ജീവനക്കാരുള്ള ഉടമയായി സൗദി പൗരന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍(മുഅസ്സസ)ക്ക് ഇഖാമ പുതുക്കുന്നതിന് അനുവദിക്കപ്പെട്ട ലെവി ആനുകൂല്യം അവസാനിക്കുന്നത്. അതിന് ശേഷമുള്ള കാലയളവില്‍ ഓരോ വിദേശി ജീവനക്കാരുടെയും ഇഖാമ പുതുക്കുന്നതിന് പരമാവധി ലെവി നല്‍കേണ്ടിവരുന്നുണ്ട്. ആനുകൂല്യം ദീര്‍ഘിപ്പിക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ച മിക്കവരും മൂന്നുമാസത്തേക്കാണ് ഇപ്പോള്‍ ഇഖാമ പുതുക്കുന്നത്.
ഇത്തരം ചെറുകിട സ്ഥാപനങ്ങളിലെ രണ്ട് ജീവനക്കാരുടെ ഇഖാമ പുതുക്കുന്നതിനാണ് വാര്‍ഷിക ലെവിയായ 9700 റിയാല്‍ ഒഴിവാക്കി നല്‍കിയിരുന്നത്. ഇഖാമ പുതുക്കുന്നതിന് 100 റിയാല്‍ ലേബര്‍ ഓഫീസ് ചാര്‍ജും ജവാസാത്ത് ഫീ ആയ 650 റിയാലും അടച്ചാല്‍ മതിയായിരുന്നു. വര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഉടമക്ക് പുറമെ മറ്റൊരു സൗദിപൗരനെ കൂടി സ്ഥാപനത്തില്‍ നിയമിച്ചാല്‍ മറ്റു രണ്ട് വിദേശികള്‍ക്ക് കൂടി ലെവി ആനുകൂല്യം ലഭിക്കും. നാലിലധികം പേര്‍ക്ക് ഒരു വര്‍ഷം ആനുകൂല്യം ലഭിക്കില്ല. സൗദി പൗരനായ ഉടമക്ക് മറ്റേതെങ്കിലും സ്ഥാപനങ്ങളില്‍ ജോലിയുണ്ടെങ്കില്‍ ജീവനക്കാരില്‍ ആര്‍ക്കും ഈ ആനുകൂല്യം ലഭിക്കുകയില്ല. 2020 ലാണ് ചെറുകിട സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സൗദി സര്‍ക്കാര്‍ ഈ വ്യവസ്ഥ നടപ്പാക്കിയത്. മലയാളികളടക്കം നിരവധി പേര്‍ ഇത്തരം സ്ഥാപനങ്ങളിലെ സ്‌പോണ്‍സര്‍ഷിപ്പിലാണ് ജോലി ചെയ്യുന്നത്. ചെറുകിട കമ്പനികള്‍ക്ക് (ശരിക) ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. അതേസമയം 2020 ല്‍ മൂന്നുവര്‍ഷത്തേക്കായിരുന്നു ഈ ആനുകൂല്യം ഉണ്ടായിരുന്നത്. 2023 ല്‍ കാലയളവ് അവസാനിക്കാനിരിക്കെയാണ് വീണ്ടും മൂന്നുവർത്തേക്ക് ദീര്‍ഘിപ്പിക്കുന്നതായി പ്രഖ്യാപനം വന്നത്.







