ദുബൈ– അർജന്റീന ടീമിനോടുള്ള കടുത്ത ആരാധന കേരളത്തിൽ നിന്നുമുള്ള ആരാധകനെ എത്തിച്ചത് അങ് ദുബൈയിൽ. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയായ യാദിൽ എം ഇക്ബാലിന്റെ കഥയാണിത്. അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ ലയണൽ സ്കലോണിയെ കാണാൻ വേണ്ടി മാത്രം യാദിൽ കേരളത്തിൽ നിന്നും ദുബൈയിലേക്ക് വിമാനം കയറി. ചൊവ്വാഴ്ച ദുബൈയിലെ ഒരു ഹോട്ടലിൽ നടന്ന അർജന്റീന ഫുട്ബോൾ അസോസിയേഷന്റെയും ലുലു എക്സ്ചേഞ്ചിന്റെയും പങ്കാളിത്ത-ഒപ്പിടൽ പരിപാടിയിലാണ് ഇരുവരും കണ്ടുമുട്ടിയത്.
സ്കലോണിക്ക് ഹസ്തദാനം നൽകുമ്പോൾ യാദിലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആദ്ദേഹത്തിന്റെ കയ്യിൽ നിന്ന് അർജന്റീനയുടെ ജഴ്സി ഒപ്പിട്ട് വാങ്ങി. “ഞങ്ങളെ സന്തോഷം കൊണ്ട് കരയിപ്പിച്ച മനുഷ്യനോടൊപ്പം” എന്ന ക്യാപ്ഷനോട് കൂടിയാണ് യാദിൽ സോഷ്യൽ മീഡിയയിൽ ആ ചിത്രം പങ്കുവെച്ചത്. ‘അർജന്റീനയ്ക്ക് ലോകകപ്പ് നേടിത്തന്ന പരിശീലകനാണ് അദ്ദേഹം. ഇന്ന് അദ്ദേഹത്തെ കാണുന്നത് എനിക്ക് ഒരു സ്വപ്നസാക്ഷാത്കാരമാണ്’ യാദിൽ പറഞ്ഞു.


അർജന്റീന ടീമിന്റെ കടുത്ത ആരാധകനായ യാദിൽ 2022 ൽ വിമാനം കയറിയത് ഖത്തറിലേക്കായിരുന്നു. 2022ലെ ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ മത്സരങ്ങൾ നേരിട്ട് കാണാനായിരുന്നു ആ യാത്ര. അന്ന് ആദ്യമായിട്ടായിരുന്നു യാദിൽ ഇന്ത്യക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നത്. അർജന്റീനയുടെ മത്സരം കാണാൻ വർഷങ്ങളായി സ്വരൂപിച്ച് വെച്ച പണം കൊണ്ടായിരുന്നു 2022 ലെ ഖത്തർ ലോകകപ്പ് കാണാൻ യാദിൽ വിമാനം കയറിയത്. അർജന്റീനയുടെ ഏഴ് മത്സരങ്ങളും യാദിൽ കണ്ടു. ‘സൗദി അറേബ്യയോട് തോറ്റത് ഹൃദയഭേദകമായിരുന്നു. ടീമിന് മേൽ വളരെയധികം സമ്മർദ്ദമുണ്ടായിരുന്നു. പക്ഷേ ടീം തിരിച്ചടിച്ച് ഫൈനലിലെത്തി’, യാദിൽ ഓർത്തെടുത്തു.
ലുസൈൽ സ്റ്റേഡിയത്തിൽ ഫ്രാൻസിനെതിരായ ആവേശകരമായ ഫൈനൽ മത്സരം കണ്ടതായിരുന്നു യാദിലിന്റെ അവിസ്മരണീയമായ അനുഭവം. എല്ലാ അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ അർജന്റീന ലോകകപ്പ് ജേതാക്കളായത് നേരിട്ട് കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു എന്നും അദ്ദേഹം ഓർമിച്ചു. അർജന്റീന ഖത്തറിൽ ലോകകപ്പ് നേടിയാൽ ‘ഉംറ’യ്ക്ക് പോകുമെന്ന നേർച്ചയും യാദിൽ നേർന്നു. പിന്നീട്, അർജന്റീനയുടെ വിജയത്തിന് ശേഷം അദ്ദേഹം ഉംറയ്ക്കായി സൗദിയിലേക്ക് പോയി.
“ഫൈനലിൽ എല്ലാ നാടകീയതകൾക്കും ഉയർച്ച താഴ്ചകൾക്കും ശേഷമാണ് അർജന്റീന ലോകകപ്പ് നേടിയതെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അർജന്റീന ഒടുവിൽ ലോക ചാമ്പ്യൻമാരായി, അത് തത്സമയം കാണാൻ ഞാൻ അവിടെ ഉണ്ടായിരുന്നു.” യാദിൽ പറഞ്ഞു.


മെസിയെ നേരിട്ട് കാണണമെന്നതും യാദിലിന്റെ അതിയായ ആഗ്രഹമാണ്. മെസിയോടുള്ള ആരാധന മൂത്ത് യാദിൽ തന്റെ കുട്ടിക്ക് മെസിയുടെ പേര് നൽകി. തന്റെ ഇൻസ്റ്റാഗ്രാം പേജ് കണ്ട് മെസിയുടെ ബോഡിഗാർഡ്സ് തനിക്ക് രണ്ട് മെസ്സി ഷർട്ടുകൾ അയച്ചു തന്നതായും യാദിൽ പറഞ്ഞു. യാദിലിന് ഇൻസ്റ്റാഗ്രാമിൽ 1.5 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്, കഴിഞ്ഞ മാസം അർജന്റീനിയൻ ഇതിഹാസത്തിന്റെ 38-ാം ജന്മദിനം ആഘോഷിക്കുന്നതിനായി ഒരു ആരാധക പേജുമായി സഹകരിച്ച് അദ്ദേഹം ചെയ്ത ഒരു പോസ്റ്റിൽ മെസ്സി കമന്റ് ചെയ്തിരുന്നു. “‘മുച്ചാസ് ഗ്രേഷ്യസ്’ (വളരെ നന്ദി)” എന്നാണ് മെസി കമന്റ് ചെയ്തത്. 450,000-ത്തിലധികം ലൈക്കുകൾ ആണ് കമന്റിന് ലഭിച്ചത്.
കൊടുങ്ങല്ലൂരിലെ ഒരു കലാകാരന്റെ സഹായത്തോടെ ലയണൽ മെസ്സിയുടെ ചുവർചിത്രങ്ങളും പ്രതിമകളും നിർമ്മിച്ച് യാദിൽ കേരളത്തിലും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.