മനാമ– ഭീകരസംഘടനയില്‍ ചേര്‍ന്ന് രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ബഹ്റൈനിലെ ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസുമായി ബന്ധപ്പെട്ട 1,313 ബഹ്റൈന്‍ ദീനാറും പിടിച്ചെടുത്ത മറ്റ് വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
പൊതുജനങ്ങളില്‍ ഭീതി പടര്‍ത്താനും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും രാജ്യത്തിന്റെ സുരക്ഷയും സമ്പദ്വ്യവസ്ഥയും തകരാറിലാക്കാനും ലക്ഷ്യമിട്ടാണ് പ്രതികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്രിമിനല്‍ എവിഡന്‍സ് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളുടെ ഭീകരവാദ ബന്ധം പുറത്തുവന്നത്.
റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം ആരംഭിക്കുകയും ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് സാങ്കേതിക വിദഗ്ധര്‍ ശേഖരിച്ച തെളിവുകളും സാക്ഷിമൊഴികളും പ്രതികളുടെ പങ്കാളിത്തം ശരിവെച്ചു.
തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന് കേസ് ഹൈ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകരുടെ സാന്നിധ്യത്തില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.



